4 രൂപ കൂട്ടി, 400 തിരിച്ചെടുത്തു
print edition കാലിത്തീറ്റ വില കുതിപ്പിൽ, വഴിമുട്ടി ക്ഷീരകർഷകർ

സ്വന്തം ലേഖിക
Published on Nov 28, 2026, 01:08 AM | 2 min read
തിരുവനന്തപുരം: ‘തീറ്റയ്ക്ക് 1360 രൂപയായിരുന്നപ്പോഴാണ് സർക്കാർ, പാൽ ലിറ്ററിന് നാല് രൂപ കൂട്ടി 60 രൂപയാക്കിയത്. സ്വകാര്യ കമ്പനികളുടെ തീറ്റയുടെ വില 1700 രൂപയാണ്. പാല്‍വില പഴയതുതന്നെ. വൈക്കോൽക്കെട്ടിന് 450 രൂപയും. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ടാകണം കന്നുകാലി വളർത്തലിലേക്ക് ആരും കടന്നുവരാത്തത്. സർക്കാർ അടിയന്തരമായി ഇടപെടണം’– ക്ഷീരകർഷകൻ പിരപ്പൻകോട് പാലവിള രാധാകൃഷ്ണൻ നായരുടെ വാക്കുകളാണിവ.
കൂടുതൽ സബ്‌സിഡി അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതും കേന്ദ്ര സർക്കാർ നിർദേശത്തിൽ കാലിത്തീറ്റയിലെ പ്രധാന അസംസ്‌കൃത വസ്‌തുവായ ചോളം വൻതോതിൽ എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കുന്നതുമാണ് വിലവർധനയ്ക്ക് കാരണം. ക്ഷീരകർഷകരുടെ ക്ഷേമം ഉറപ്പാക്കാനെന്ന പേരിൽ ജൂൺ ഒന്നിന് പാലിന് നാല് രൂപ വർധിപ്പിച്ചിരുന്നു. എന്നാൽ, കാലിത്തീറ്റ വില കുതിച്ചതോടെ ഇതിന്റെ നേട്ടം കർഷകർക്ക് പ്രയോജനപ്പെട്ടില്ല. മൃഗസംരക്ഷണവകുപ്പിനുകീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ഉൾപ്പെടെ വില കൂട്ടി. ഇതിനൊപ്പം കിഴിവും നിർത്തലാക്കി. സാമ്പത്തിക ബാധ്യതയാണ് കാരണമെന്നാണ് വിശദീകരണം. കേരള ഫീഡ്‌സിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കാൻ സർക്കാർതലത്തിൽ തീരുമാനമായിട്ടില്ല.
കേരള ഫീഡ്‌സ് ഡെയറി റിച്ച് പ്ലസിന് 70 രൂപ വർധിപ്പിച്ച് 1644, എലൈറ്റ് കാലിത്തീറ്റയ്ക്ക് 85 രൂപ വർധിപ്പിച്ച് 1540, മിടുക്കി കാലിത്തീറ്റയ്ക്ക് 155 രൂപ കൂട്ടി 1440 രൂപയ്‌ക്കുമാണ് വിൽപ്പന.
വിലക്കയറ്റത്തിനിടയിലും ആശ്വാസമായിരുന്ന മിൽമ കാലിത്തീറ്റയ്ക്കും ഉൽപ്പാദനച്ചെലവിലെ വർധന കാരണം ഒടുവിൽ വില കൂട്ടേണ്ടി വന്നു. ഇൗ മാസം 17 മുതൽ മിൽമ ഗോമതി, വിപ്രോ കാലിത്തീറ്റകൾക്ക് 200 രൂപയാണ് വർധിപ്പിച്ചത്. മലബാർ മേഖലയിൽ 200 രൂപയും തിരുവനന്തപുരം മേഖലയിൽ 100 രൂപയുടെയും സബ്‌സിഡി നൽകിയാണ് വിൽപ്പന. രാഷ്‌ട്രീയവിരോധത്തിന്റെ പേരിൽ യൂണിയനുകൾ പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയതോടെ ഇടക്കാലത്ത് സബ്‌സിഡി മുടങ്ങിയിരുന്നു. ഡിസംബർ മുതലിത് പുനഃസ്ഥാപിക്കും.
ഉൽപ്പാദനച്ചെലവ് ഉൾക്കൊള്ളാൻകഴിയില്ല: മിൽമ
ഉൽപ്പാദനച്ചെലവിലുണ്ടാകുന്ന വർധന ക്ഷീരകർഷകരുടെമേൽ അധിക സാമ്പത്തികബാധ്യതയായി അടിച്ചേൽപ്പിക്കാതിരിക്കാൻ മിൽമ ദീർഘകാലമായി ശ്രമിച്ചിരുന്നു. കർഷകരെ സഹായിക്കാനും ക്ഷീരമേഖലയുടെ നിലനിൽപ്പ് ഉറപ്പാക്കാനും 2022–-23 സാമ്പത്തികവർഷംമുതൽ ഏകദേശം 80 കോടി രൂപയുടെ കാലിത്തീറ്റ സബ്സിഡി നൽകി. അവശ്യ അസംസ്കൃതവസ്‌തുക്കളുടെയും ഉൽപ്പാദനത്തിനാവശ്യമായ മറ്റു ഘടകങ്ങളുടെയും വില തുടർച്ചയായി വർധിച്ചിട്ടും 2022 നവംബർമുതൽ മിൽമ കാലിത്തീറ്റ വിൽപ്പന വിലയിൽ മാറ്റംവരുത്തിയിരുന്നില്ല. എന്നാൽ, ഉൽപ്പാദനച്ചെലവ് പൂർണമായും ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്.
- കെ എസ് മണി (മിൽമ ചെയർമാൻ)
കോഴിത്തീറ്റയും ഹൈക്ലാസ്; കര്‍ഷകര്‍ കടത്തിലും
വെള്ളറട: അഞ്ച് മാസത്തിനിടെ കോഴിത്തീറ്റയ്ക്ക് ചാക്കിന് 915 മുതൽ 950 രൂപ വരെ വർധിച്ചു. 50 കിലോയുടെ ഒരു ചാക്ക് സ്റ്റാർട്ടർ തീറ്റയ്ക്ക് 1850 രൂപയുണ്ടായിരുന്നത് 2765 രൂപയായി. ഫിനിഷർ തീറ്റയ്ക്ക് 1800 ൽ നിന്ന് 2730 രൂപയായും പ്രീസ്റ്റാർട്ടറിന് 1900ൽ നിന്ന് 2800 രൂപയായും വില കുതിച്ചു. ചോളത്തിന് കിലോയ്ക്ക് 17 രൂപയുണ്ടായിരുന്നത് 40 രൂപയായും ആറുമാസം മുമ്പ് 35 മുതൽ 40 രൂപ നിരക്കിലുണ്ടായിരുന്ന സോയയ്ക്ക് 82 രൂപയായും ഉയർന്നു. സംസ്ഥാനത്തെ ആകെ ആവശ്യത്തിന്റെ 10 മുതൽ 15 ശതമാനം മാത്രമാണ് പൊതുമേഖലാ സ്ഥാപനങ്ങളായ കേരള ഫീഡ്സിനും മിൽമയ്ക്കും ഉൽപ്പാദിപ്പിക്കാൻ കഴിയുന്നത്.
20 രൂപയുണ്ടായിരുന്ന കോഴിക്കുഞ്ഞിന് 30 രൂപയായി. ഇടക്കാലത്ത് 48 രൂപവരെ എത്തിയിരുന്നു. 40 ദിവസം വളർത്തി വിൽപ്പനയ്ക്ക് എത്തിക്കുമ്പോൾ തീറ്റ, മരുന്ന്, വളർത്തുകൂലി എന്നിവയെല്ലാം ചേർത്ത് കിലോയ്ക്ക് 135 രൂപയെങ്കിലും ലഭിച്ചാലേ കർഷകന് പിടിച്ചുനിൽക്കാനാകൂ. എന്നാൽ വിപണിയിൽ കർഷകന് ലഭിക്കുന്നത് കിലോയ്ക്ക് 85 രൂപ മാത്രമാണ്.








0 comments