ഹോട്ടലിൽനിന്ന് മലിനജലം കിണറുകളിലേക്ക്

മുണ്ടക്കയം കരിനിലത്തെ വീട്ടിലെ കിണറ്റിൽ മലിനജലം നിറഞ്ഞുകിടക്കുന്നു
മുണ്ടക്കയം മുണ്ടക്കയം –എരുമേലി റോഡിലെ കരിനിലം ഭാഗത്തെ വീടുകളിലെ കിണറുകളിൽ മലിനജലം ഒഴുകിയെത്തുന്നു. വാഴവേലിൽ ജയകുമാർ, വാഴേപറമ്പിൽ സജി, കാരയ്ക്കാട്ട് തോമസ്, മുളംകുന്ന് പുതുപറമ്പിൽ എം എ ദിലീപ് എന്നിവരുടെ വീടുകളിലെ കിണറുകളിലാണ് മലിനജലം ഒഴുകിയെത്തുന്നത്. കിണറുകളിലെ വെള്ളം പലതവണ ശുചീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിലെ വെള്ളം ഉപയോഗിച്ചവർക്ക് ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുകയും ദേഹം ചൊറിഞ്ഞുപൊട്ടുകയും പനി ബാധിക്കുകയും ചെയ്‌തു. തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇവിടെ പുതുതായി തുടങ്ങിയ ഹോട്ടലിനോടനുബന്ധിച്ച് കെട്ടിടനിർമാണ ചട്ടങ്ങൾ പാലിക്കാതെ സെപ്റ്റിക് ടാങ്കും മലിനജല ടാങ്കും നിർമിച്ചതാണ് മലിനീകരണത്തിന് കാരണമെന്ന് പറയുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് മുണ്ടക്കയം പഞ്ചായത്ത് ഹോട്ടൽ അധികൃതർക്ക് സ്റ്റോപ്പ് മെമ്മോ നൽകി. കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്നും വെള്ളം ഉപയോഗശൂന്യമാണെന്നും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.








0 comments