ad
Deshabhimani

print edition റഗ്‌ബി കളത്തിലെ പൊന്നാതിര

Rugby Match

ആതിര

avatar
’ കെ എ നിധിൻ നാഥ്‌

Published on May 13, 2026, 12:31 AM | 1 min read

തൃശൂർ: ബാസ്‌ക്കറ്റ്‌ബോൾ കളത്തിലായിരുന്ന ആതിരയുടെ സ്വപ്‌നങ്ങൾ. പക്ഷേ, കളംവഴങ്ങിയത്‌ റഗ്‌ബിയിൽ. പന്തുമായി പോയിന്റ്‌ ലക്ഷ്യമിട്ടുള്ള ആതിരയുടെ ഓട്ടം ചെന്നെത്തി നിൽക്കുന്നത്‌ ഇന്ത്യൻ കുപ്പായത്തിലാണ്‌. ഇന്ത്യൻ റഗ്‌ബി ടീമിൽ ഇടംനേടുന്ന ആദ്യ കേരള വനിതാ കായിക താരമെന്ന ഖ്യാതിയാണ്‌ പാലക്കാട്‌ നെന്മാറ സ്വദേശിയായ കെ പി ആതിര സ്വന്തമാക്കിയത്‌. തൃശൂർ റഗ്‌ബി അസോസിയേഷനു കീഴിൽ പരിശീലിക്കുന്ന ആതിര ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റിൽ നടക്കുന്ന കാസ സെവൻസ്‌ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിലാണ്‌ ഉൾപ്പെട്ടത്‌.


‘എല്ലാവരെയും പോലെ ഇന്ത്യൻ ടീമിൽ കളിക്കണം, രാജ്യത്തിനായി സ്വർണം നേടണമെന്നാണ്‌ എന്റെയും ആഗ്രഹം. ഒപ്പം ഒരുപാട്‌ പേർക്ക്‌ റഗ്‌ബി കളിക്കാൻ പ്രചോദനവുമാകണം’– ആതിര പറഞ്ഞു.


ബാസ്‌ക്കറ്റ്‌ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ ആതിര വിമല കോളേജിൽ ചേരുന്നത്‌. എന്നാൽ ജില്ലാ റഗ്‌ബി അസോസിയേഷന്റെ പരിശീലകനായ വിഷ്‌ണു ആതിരയെ റഗ്‌ബിയിലേക്കുള്ള വഴിെയൊരുക്കി. അത്‌ ജീവിതം തന്നെ മാറ്റിമറിച്ചു. കോളേജിനായി കലിക്കറ്റ്‌ സർവകലാശാല ഗെയിംസിൽ സ്വർണം നേടി. പിന്നീട്‌ കലിക്കറ്റ്‌ സർവകലാശാലയ്‌ക്കായി ദേശീയ സർവകലാശാല മീറ്റിൽ ജേഴ്‌സി അണിഞ്ഞു. തുടർന്ന്‌ കേരളത്തിനായി കളത്തിലിറങ്ങി. കേരളത്തിനായി മാസ്‌റ്റേഴ്‌സ്‌ ടൂർണമെന്റിനായി പുറത്തെടുത്ത പ്രകടനമാണ്‌ ഇന്ത്യൻ ടീമിലേക്ക്‌ വഴിതുറന്നത്‌.


നിലവിൽ ഇന്ത്യൻ ക്യാന്പിൽ വിദേശ കോച്ച്‌ പോളിനു കീഴിലാണ്‌ പരിശീലനം. ആതിരയെ കൂടാതെ പാലക്കാട്‌ സ്വദേശിയായ ആർ പ്രിയങ്ക, ഇടുക്കി സ്വദേശി അനീറ്റ എന്നിവരും ഇന്ത്യൻ ക്യാന്പിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇരുവരും റിസർവ്‌ ടീമിന്റെ ഭാഗമാണ്‌. 14ന്‌ താഷ്കന്റിലേക്ക്‌ തിരിക്കും. 16നും 17നുമാണ്‌ മത്സരം.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home