ad
Deshabhimani

മുന്നിൽ സഫ്ദർ, പിന്നിൽ ഷാവേസ്; കോഴിക്കോടിന്റെ ഇരട്ടക്കരുത്ത്

Safdar Lal and Shaves Lal

ഇരട്ട സഹോദരന്മാരായ സഫ്ദർ ലാലും ഷാവേസ് ലാലും കോഴിക്കോടിനായി കളത്തിൽ

avatar
ഭരത് കൈപ്പുറത്ത്

Published on Oct 25, 2025, 04:58 PM | 1 min read

തിരുവനന്തപുരം: പതിനൊന്ന് പേരാണ് പന്തുതട്ടുന്നതെങ്കിലും ഒരുമയാണ് ഫുട്ബോളിൻ്റെ സൗന്ദര്യം. അങ്ങനെ പന്തുതട്ടുന്നവർ ഇരട്ടസഹോദരന്മാരാണെങ്കിലോ? അത്തരമൊരു അപൂർവത ഇത്തവണ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിനെത്തിയ കോഴിക്കോട് ജൂനിയർ ഫുട്ബോൾ ടീമിലുണ്ട്. ഇരട്ട സഹോദരന്മാരായ സഫ്ദർ ലാലും ഷാവേസ് ലാലും.


കഴിഞ്ഞ തവണ കൈവിട്ട കപ്പ് തിരിച്ചു പിടിക്കാൻ കോഴിക്കോട് ഇറങ്ങുമ്പോൾ കളത്തിലെ ഇരുവിങ്ങുകളിലുമായി ഇരുവരുമുണ്ടാകും. കണ്ണൂരിനെതിരായ സെമിയിൽ സഫ്ദർ ഇടത് വിങ്ങിലും ഷാവേസ് പ്രതിരോധതാരമായുമാണ് പന്തുതട്ടിയത്.


Safdar Lal and Shaves Lalസഫ്ദർ ലാലും ഷാവേസ് ലാലും


കോഴിക്കോട് കുറ്റിക്കാട്ടൂർ ഗവ. എച്ച്എസ്എസിലെ പ്ലസ് ടു സയൻസ് വിദ്യാർഥികളായ സഹോദരങ്ങൾ ചെറുപ്പം മുതൽ സ്പോർട്സിൽ സജീവമാണ്. കോഴിക്കോട്ടെ കേരള ഫുട്ബോൾ ട്രെയിനിങ് സെന്ററിലൂടെയാണ് (കെഎഫ്ടിസി) കാൽപന്തുകളിയിലേക്ക് കടന്നത്. ഒമ്പതാം വയസു മുതൽ ക്ലബ്ബിന്റെ ഭാ​ഗമായി. മോഹൻ ബഗാൻ മുൻ താരമായ നിയാസ് റഹ്മാന്റെയും ഇന്ത്യൻ ബിഎസ്എൻഎൽ ടീം മുൻ അംഗമായ പ്രസാദ് വി ഹരിദാസിന്റെയും നേതൃത്വത്തിലുള്ള പരിശീലനം കരുത്തായി മാറി. തുടർന്ന് ചാക്കോള ട്രോഫിയിലടക്കം ഇരുവരും ബൂട്ട് കെട്ടി.


ഇത് രണ്ടാം തവണയാണ് സഫ്ദറും ഷാവേസും സംസ്ഥാന സ്കൂൾ കായികമേളയിൽ പന്തുതട്ടാനെത്തുന്നത്. പത്താം ക്ലാസ് വിദ്യാർഥികളായിരിക്കെ പാലക്കാട് നടന്ന കായികമേളയിൽ കോഴിക്കോടിനായി ഇരുവരും ജഴ്സിയണിഞ്ഞു. ഫുട്ബോളിന് പുറമെ ​അത്‍ലറ്റിക്സ് ഇനങ്ങളിലും സഫ്ദറും ഷാവേസും ഇത്തവണ ഒരു കൈ നോക്കി. ജില്ലാ കായികമേളിൽ ഓട്ടത്തിലും ലോങ് ജംപിലും ട്രിപ്പിൾ ജംപിലും മത്സരിച്ചു.


567529372_40303888504സഫ്ദർ ലാലും ഷാവേസ് ലാലും കുടുംബത്തോടൊപ്പം


ദേശാഭിമാനി സീനിയർ ഫോട്ടോ​ഗ്രാഫർ ജ​ഗത് ലാലും മീഡിയാ വൺ സീനിയർ ന്യൂസ് എഡിറ്റർ ഷിദ ജ​ഗതുമാണ് മാതാപിതാക്കൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home