ad
Deshabhimani

അവതാരക്കഥയാടി കൃഷ്ണനാട്ടം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന കൃഷ്ണനാട്ടം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന കൃഷ്ണനാട്ടം

വെബ് ഡെസ്ക്

Published on Sep 04, 2026, 12:23 AM | 1 min read

ഗുരുവായൂര്‍

മൂന്ന് മാസത്തെ ഇടവേളയ്‌ക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് കേളികൊട്ടുണര്‍ന്നു. കൃഷ്ണനാട്ടം അവതരണമാരംഭിച്ചു. തൊണ്ണൂറ് നാൾ നീണ്ട കച്ചകെട്ട് അഭ്യാസവും ചൊല്ലിയാട്ടം അഭ്യാസവും വിശ്രമവും കഴിഞ്ഞാണ് അവതാരക്കഥയവതരിപ്പിച്ചുകൊണ്ട് കൃഷ്ണനാട്ടം അവതരണമാരംഭിച്ചത്. കൃഷ്ണന്റെ ജനനവും അമ്പാടിയിലെ ബാല്യകാലലീലകളും പൂതനാമോക്ഷവും ഉള്‍പ്പെടെയുള്ള സംഭവങ്ങളാണ് ‘അവതാരം' കളിയിൽ പ്രധാനമായും അവതരിപ്പിച്ചത്. അത്താഴപ്പൂജയും തൃപ്പുകയും കഴിഞ്ഞ് ശ്രീലകവാതിൽ അടച്ചശേഷം വടക്കേ പ്രദക്ഷിണവഴിയിൽ കളിവിളക്ക് തെളിഞ്ഞതോടെ അവതരണത്തിനായുള്ള ചടങ്ങുകള്‍ക്ക് തുടക്കമായി. നിറഞ്ഞ സദസ്സിന് മുന്നിൽ കൃഷ്ണനായി നിവേദ് കൃഷ്ണനും ബലരാമനായി ഹരിശങ്കറും അരങ്ങിലെത്തി. വേഷം ആശാൻ എം വി ഉണ്ണിക്കൃഷ്ണൻ(കംസൻ), കെ ഗോകുൽ (ബ്രഹ്മാവ്), പി വേണുഗോപാൽ (പൂതന), വി സി വിഷ്ണു(ദേവകി), എം പി വിഷ്ണുപ്രസാദ് (ഭൂമീദേവി), എം പ്രമോദ് (വസുദേവർ), ഗോപസ്ത്രീകളായി കെ നന്ദകിഷോർ, ജെ കൃഷ്ണപ്രസാദ്, ആദിത്യഹരി, ആദർശ് പി നായർ എന്നിവരും വേഷമിട്ടു. ആദ്യത്തെ വഴിപാടു കളിയായ ‘അവതാരം' - 364 പേർ ശീട്ടാക്കിയിരുന്നു. അഷ്ടമിരോഹിണി ദിവസമായ വെള്ളി രാത്രി 10ന് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ കൃഷ്ണനാട്ടം കളി ആരംഭിക്കും. ജനങ്ങൾക്ക് പതിവുപോലെ രാത്രി 12ന്‌ കൃഷ്ണാവതാരവും വിശ്വരൂപദർശനവുംകണ്ട്‌ അഷ്ടമിരോഹിണി ആഘോഷങ്ങൾ പൂർത്തിയാകുന്ന രീതിയിലാണ് ഈ ദിവസം കൃഷ്ണനാട്ടം അവതരണം. കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര, കളിയോഗം, തൊപ്പി മദ്ദളം ആശാനുമായ രമേശൻ കരുമത്തിൽ, വേഷം വിഭാഗം ആശാൻമാരായ എസ് മാധവൻകുട്ടി, എ മുരളീധരൻ, എം വി ഉണ്ണിക്കൃഷ്ണൻ, പി അരവിന്ദാക്ഷൻ, പാട്ട് വിഭാഗം ആശാന്മാരായ എം കെ ദിൽക്കുഷ്, സി പി സത്യനാരായണൻ ഇളയത്‌, ശുദ്ധമദ്ദളം ആശാൻ പി രാധാകൃഷ്ണൻ, ചുട്ടി ആശാൻ പി ആർ ശിവകുമാർ, ചമയം പി മുരളീകൃഷ്ണൻ എന്നിവരാണ് അരങ്ങിലും അണിയറയിലും നേതൃത്വം നൽകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home