ചുരത്തിൽ ആളെ വീഴ്‌ത്തും കുഴികൾ
കണ്ണിൽപൊടിയിട്ട് അധികൃതർ

എട്ടാം വളവിൽ ടാർമിശ്രിതം ഉപയോഗിച്ച് താൽക്കാലികമായി കുഴി അടയ്‌ക്കുന്നു
താമരശേരി
താമരശേരി ചുരം വളവുകളിൽ ആളെ വീഴ്‌ത്തുന്ന കുഴികൾ. ഒന്നാം വളവ് മുതൽ ചെറുതും വലുതുമായി നിരവധി കുഴികളാണ്. ഇവയിൽ ചെറുവാഹനങ്ങളിൽ പോവുന്നവരുടെ നടുവൊടിക്കുന്നവയാണ് മിക്കവയും. രണ്ടാം വളവിലും നാലാം വളവിലും ഇന്റർലോക്കിട്ട ഭാഗത്തും വലിയ കുഴികളായിട്ടുണ്ട്. ഓണാവധിക്കാലത്ത് ഉൾപ്പെടെ പല ദിവസങ്ങളിലും റോഡ് തകർച്ചയെത്തുടർന്ന് നിരവധി വാഹനങ്ങളാണ് ആക്സിലൊടിഞ്ഞും മറ്റ് യന്ത്രത്തകരാർ കാരണവും കുടുങ്ങി ഗതാഗതതടസ്സം സൃഷ്ടിച്ചത്. ചുരത്തിലെ ഏറ്റവും ദുർഘട വളവുകളിൽപ്പെട്ട ആറ്, എട്ട് വളവുകൾ ഉൾപ്പെടെ പലയിടങ്ങളിലും ടാർ അടർന്ന് വലിയ കുഴികളും ചാലുകളും രൂപപ്പെട്ടിട്ടുണ്ട്. റോഡിന്റെ ശോച്യാവസ്ഥ കാരണം വലിയ വാഹനങ്ങൾ ഏറെ സമയമെടുത്താണ് വളവുകളിൽ നീങ്ങുന്നത്. ഇത് രൂക്ഷമായ ഗതാഗതകുരുക്കിന് കാരണമാകുന്നു. 2024 അവസാനത്തോടെ അറ്റകുറ്റപ്പണി നടത്തിയശേഷം താത്‌കാലിക കുഴിയടയ്ക്കൽ മാത്രമാണ് നടക്കുന്നത്. എട്ടാം വളവിൽ ടാർ മിശ്രിതം ഉപയോഗിച്ച് താൽക്കാലികമായി കുഴിയടയ്‌ക്കാനാണ് അധികൃതരുടെ ശ്രമം. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ താൽക്കാലിക കുഴി അടയ്‌ക്കൽ മതിയാകില്ലെന്നും ആറ്, ഏഴ്, എട്ട് വളവുകൾ ഉൾപ്പെടെ എത്രയും പെട്ടന്ന് റീട്ടാറിങ് ചെയ്‌തു ഗതാഗത യോഗ്യമാക്കണമെന്നുമാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.









0 comments