ട്രോളിങ് നിരോധം
പഞ്ഞമാസം എന്നോ കഴിഞ്ഞു; കരതൊടാതെ ആനുകൂല്യവിതരണം

കോഴിക്കോട്
ട്രോളിങ് നിരോധനത്തിൽ വറുതിയിലായ മത്സ്യത്തൊഴിലാളികൾക്കുള്ള പഞ്ഞമാസ ആനുകൂല്യം (സമ്പാദ്യ സമാശ്വാസ പദ്ധതി) വിതരണം ജില്ലയിൽ ഇതുവരെ പൂർത്തിയായില്ല. ജില്ലയിൽ 13,673 പേർക്കായി 8.18 കോടി രൂപക്ക് മുകളിലാണ് സമ്പാദ്യ സമാശ്വാസ പദ്ധതിയിനത്തിൽ നൽകേണ്ടത്. ട്രോളിങ് നിരോധനം ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ആദ്യ ഗഡു പൂർണമായും നൽകിയത്. രണ്ടാം ഗഡു നൽകുന്നതിൽ താമസമുണ്ടായെന്ന് മാത്രമല്ല ഉൾനാടൻ മത്സ്യ തൊഴിലാളികൾക്ക് തുക വിതരണം ചെയ്തിട്ടുമില്ല. 582 പേർക്കായി 8,21,000 രൂപയാണ് നൽകാനുള്ളത്. രണ്ടാം ഗഡുവായി 1,94,16,000 രൂപയാണ് വിതരണംചെയ്തത്. മൂന്നാം ഗഡു വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല. മാത്രമല്ല മൂന്നാം ഗഡുവായി 1500 രൂപ മാത്രമാണോ എൽഡിഎഫ് സർക്കാർ ഉയർത്തിയ തുക ഉൾപ്പെടുത്തി 3000 രൂപ വിതരണം ചെയ്യുമോ എന്നും പുതിയ സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 1500 രൂപ വീതമാണെങ്കിൽ 2,05,09,500 രൂപയും 4,10,19,000 രൂപയും വിതരണം ചെയ്യണം. ജൂൺ, ജൂലൈ, ആഗസ്‌ത് മാസങ്ങളിലായി ഇൗ തുക മുഴുവൻ കൊടുത്തു തീർക്കണമെന്നാണ്. എന്നാൽ സെപ്‌തംബർ തുടങ്ങിയിട്ടും രണ്ടാം ഗഡുവിന്റെ പണം പോലും മുഴുവനായി കൊടുത്തു തീർത്തിട്ടില്ല. ആദ്യഗഡുവിന്റെ വിതരണത്തിലും പഞ്ഞ മാസത്തിൽ യന്ത്രവൽകൃത മത്സ്യയാനങ്ങളിൽ പണിയെടുക്കുന്ന മൂവായിരത്തോളം തൊഴിലാളികൾക്കുള്ള സൗജന്യ റേഷൻ വിതരണത്തിലും വീഴ്‌ച വന്നിരുന്നു. മെയ് മുതൽ ജൂലൈ വരെ തൊഴിലാളികൾക്ക് മൂന്നു ഗഡുക്കളായി 6000 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് മാർച്ചിൽ തുക 6000 രൂപയായി വർധിപ്പിച്ചത്. അതുവരെ കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ വിഹിതമായ 1500 രൂപ വീതവും ഗുണഭോക്തൃവിഹിതം 1500 രൂപയും ചേർത്ത് 4500 രൂപയാണ് നൽകിയിരുന്നത്. മുൻ യുഡിഎഫ് സർക്കാർ 2700 രൂപയാണ് പഞ്ഞമാസ ആനുകൂല്യമായി നൽകിയിരുന്നത്. 2016–17ലെ ഒന്നാം എൽഡിഎഫ് സർക്കാർ ആനുകൂല്യം 4500 രൂപയാക്കി.









0 comments