പതാക– കൊടിമര ജാഥകൾ ഇന്ന്
കർഷകസംഘം -ജില്ലാ സമ്മേളനം നാളെമുതൽ

..
തൃശൂർ
കേരള കർഷക സംഘം ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ചേലക്കരയിൽ നടക്കും. പ്രതിനിധി സമ്മേളനം കെ വി രാമകൃഷ്‌ണൻ നഗറിൽ (എം എസ് എൻ ഓഡിറ്റോറിയം) ശനി രാവിലെ 10ന് സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 17 ഏരിയകളിൽനിന്നായി 404 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം പ്രകാശൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ഞായറാഴ്‌ച പകൽ മൂന്നിന് ചേലക്കര ബസ് സ്റ്റാൻഡിൽ തയ്യാറാക്കിയ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് പൊതുസമ്മേളനം. പ്രതിനിധി സമ്മേളന നഗറിൽനിന്ന് പ്രതിനിധികളും പ്രവർത്തകരുമടക്കം 8,000 പേർ അണിനിരക്കുന്ന റാലി നടക്കും. പൊതുസമ്മേളനം സെൻട്രൽ കിസാൻ കൗൺസിൽ അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സമ്മേളന നഗരിയിലേക്കുള്ള പതാക– കൊടിമര ജാഥകളുടെ പര്യടനം വെള്ളിയാഴ്‌ച നടക്കും. പതാകജാഥ പകൽ രണ്ടിന് ചൂണ്ടൽ കെ പി അരവിന്ദാക്ഷൻ സ്മൃതിയിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ സി മൊയ്തീൻ ഉദ്‌ഘാടനം ചെയ്യും. കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം പി കെ ഡേവിസ് ക്യാപ്റ്റനായ ജാഥയിൽ എം ബാലാജി വൈസ് ക്യാപ്റ്റനും എം എം അവറാച്ചൻ മാനേജരുമാണ്. കൊടിമര ജാഥ പകൽ മൂന്നിന് എളനാട് സി വി ദാമോദരൻ രക്തസാക്ഷി കുടീരത്തിൽ ജില്ലാ സെക്രട്ടറി എ എസ് കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി ആർ വർഗീസാണ് ക്യാപ്‌റ്റൻ. കെ വി സജു വൈസ് ക്യാപ്റ്റനും പി ഐ സജിത മാനേജരുമാണ്. ജാഥകൾ വൈകിട്ട് ആറിന് പൊതുസമ്മേളന നഗറായ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ എത്തിച്ചേരും. പതാക ടി എ രാമകൃഷ്ണനും കൊടിമരം മുരളി പെരുനെല്ലിയും ഏറ്റുവാങ്ങും. സ്വാഗതസംഘം ചെയർമാൻ യു ആർ പ്രദീപ് പതാക ഉയർത്തും.









0 comments