കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025; പരിശീലകര്‍ക്കുള്ള നൂതന പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടത്തിന് സമാപനം

തിരുവനന്തപുരം: കായികരംഗത്തെ അതിനൂതനവും മികവുറ്റതുമായ പരിശീലന രീതികള്‍ വൈദ്ധഗധ്യത്തോടെ സംസ്ഥാനത്തെ തിരഞ്ഞെടുത്ത കോച്ചുമാര്‍ക്ക് പകര്‍ന്നു നല്‍കിയ 'കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025' എന്ന പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടത്തിന് സമാപനം. കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് സായി എല്‍എന്‍സിപിയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ വിവിധ കായിക വിഭാഗങ്ങളിലെ 86 കോച്ചുമാര്‍ക്ക് വിദഗ്ധ പരിശീലനം ലഭിച്ചു. അഞ്ചു ദിവസം നീണ്ടു നിന്ന പരിശീലന പരിപാടിയുടെ അവസാന ദിവസമായ ഇന്നലെ രാവിലെ ഫിറ്റ്‌നെസ് ടെസ്റ്റും, വിവിധ വിഷയങ്ങളില്‍ ക്ലാസുകളും, ഇന്റ്രാക്ഷന്‍ സെഷനും സംഘടിപ്പിച്ചു. പരിശീലന പരിപാടിയില്‍ പങ്കെടുത്ത കോച്ചുമാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സമാപന ചടങ്ങില്‍ നടന്നു.
പരിശീലന സെഷനുകള്‍ മികച്ച അനുഭവമായി മാറിയെന്ന് പരിശീലനം നേടിയ കോച്ചുമാര്‍ അഭിപ്രായപ്പെട്ടു. അഞ്ചു ദിവസം നീണ്ടുനിന്ന കോച്ചിങ് പ്രോഗ്രാമില്‍ വിവിധ കായികയിനങ്ങളില്‍ വിഷയ വിദഗ്ധര്‍ തന്നെയാണ് ക്ലാസുകള്‍ എടുത്തത്. ഏപ്രില്‍ മെയ് മാസങ്ങള്‍ അടങ്ങുന്ന സമ്മര്‍ അവധി കാലഘട്ടത്തില്‍ ഇത്തരത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചാല്‍ കൂടുതല്‍ മികവുറ്റതാക്കാം എന്ന് പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സായി മുന്‍കൈയെടുത്ത് ഇന്ത്യയില്‍ തന്നെ വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നല്‍കുന്ന വിദേശ കോച്ചുമാരുടെ സേവനവും ഇത്തരം പരിപാടികള്‍ ഉള്‍പ്പെടുത്തണമെന്നും പരിശീലനത്തിനെത്തിയ കോച്ചുമാര്‍ അഭിപ്രായപ്പെട്ടു.
സമാപന ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ യു. ഷറഫലി മുഖ്യപ്രഭാഷണം നടത്തി. സായി എല്‍എന്‍സിപി റീജിയണല്‍ ഹെഡും പ്രിന്‍സിപ്പാളുമായ ഡോ. ജി കിഷോര്‍ അധ്യക്ഷനായ ചടങ്ങില്‍ കായിക യുവജന കാര്യാലയം ഡയറക്ടര്‍ പി വിഷ്ണുരാജ് ഐഎഎസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത് എന്നിവര്‍ മുഖ്യാതിഥികളായി. പ്രശസ്ത വോളിബോള്‍ കോച്ച് ഡോ. സദാനന്ദന്‍ സിഎസ് ചടങ്ങില്‍ പങ്കെടുത്തു. ഡോ. പ്രദീപ് സിഎസ് (അഡീഷണല്‍ ഡയറക്ടര്‍, സ്‌പോര്‍ട്‌സ് & യൂത്ത് അഫയേഴ്‌സ്) സ്വാഗതവും, ഡോ. പിടി ജോസഫ് (എച്ച്പിഎം, ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍) നന്ദിയും പറഞ്ഞു. പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടം ജൂലായ് 14 മുതല്‍ 18 വരെ എല്‍എന്‍സിപിയില്‍ നടക്കും.









0 comments