ഫിഫ ലോകകപ്പ്: ചരിത്രമെഴുതി യൂട്ടോ നാഗറ്റോമോ; അഞ്ച് ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ ഏഷ്യൻ താരം

Photo Credit:Social Media
ഡാളസ്: ഫിഫ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ പുതിയ ഏടുകൾ കുറിച്ചുകൊണ്ട് ജപ്പാന്റെ വെറ്ററൻ താരം യൂട്ടോ നാഗറ്റോമോ. അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ ഏഷ്യൻ താരമെന്ന ബഹുമതിയാണ് 39-കാരനായ ഈ പ്രതിരോധ താരം സ്വന്തമാക്കിയത്.
ഡാളസ് സ്റ്റേഡിയത്തിൽ സ്വീഡനെതിരായ ഗ്രൂപ്പ് എഫ് മത്സരത്തിൽ കളത്തിലിറങ്ങിയതോടെയാണ് നാഗറ്റോമോ ഈ അപൂർവ്വ നേട്ടത്തിൽ എത്തിയത്.
ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്ക്
2010 ദക്ഷിണാഫ്രിക്ക മുതൽ 2026 ലോകകപ്പ് വരെ ജപ്പാന്റെ വിശ്വസ്ത താരമായി തുടരുന്ന നാഗറ്റോമോ, ലോക ഫുട്ബോളിലെ എലൈറ്റ് താരങ്ങളുടെ പട്ടികയിലാണ് ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്.
ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്കാ മോഡ്രിച്ച്, മാനുവൽ നോയർ എന്നിവരടക്കം അഞ്ച് അല്ലെങ്കിൽ അതിൽ കൂടുതൽ ലോകകപ്പുകളിൽ കളിച്ചിട്ടുള്ള ലോകത്തിലെ പത്താമത്തെ താരമാണ് നാഗറ്റോമോ.
ദീർഘകാലമായി അന്താരാഷ്ട്ര ഫുട്ബോളിലെ സജീവ സാന്നിധ്യമായ അദ്ദേഹത്തിന്റെ സ്ഥിരത ഏഷ്യൻ ഫുട്ബോളിന് തന്നെ വലിയൊരു അഭിമാനമാണ്.
ജപ്പാൻ - സ്വീഡൻ പോരാട്ടം സമനിലയിൽ, നോക്കൗട്ടിലേക്ക്
യൂട്ടോ നാഗറ്റോമോയുടെ ചരിത്രനേട്ടം ആഘോഷിച്ച മത്സരത്തിൽ ജപ്പാനും സ്വീഡനും 1-1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞു. ഈ മത്സരഫലം ഇരു ടീമുകളെയും നോക്കൗട്ട് റൗണ്ടായ 'റൗണ്ട് ഓഫ് 32'-ലേക്ക് എത്തിക്കാൻ സഹായിച്ചു.
ആവേശകരമായ രണ്ടാം പകുതിയിൽ ജപ്പാനുവേണ്ടി ഡൈസെൻ മാഡ ഗോൾ നേടിയപ്പോൾ, സ്വീഡനായി ആന്റണി എലാംഗ മറുപടി ഗോൾ മടക്കി. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെയാണ് ജപ്പാൻ നോക്കൗട്ട് റൗണ്ടിലേക്ക് മാർച്ച് ചെയ്യുന്നത്.










0 comments