ബംഗളൂരു കൂട്ടക്കൊലപാതകം: പ്രതി പുതുച്ചേരിയിൽ നിന്നും അറസ്റ്റിൽ

പ്രതീകാത്മകചിത്രം
ബംഗളൂരു : ബംഗളൂരുവിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിലായി. കേസിലെ മറ്റൊരു പ്രതിയായ ശ്വേതയുടെ സുഹൃത്തും ലിവ് ഇൻ പങ്കാളിയുമായ കെന്നത്ത് ആണ് പിടിയിലായത്. ശ്വേതയുടെ അച്ഛൻ സോമസുന്ദർ (55), അമ്മ മുത്തുലക്ഷ്മി (48), സഹോദരി സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സോമസുന്ദറിന്റെ മൂത്ത മകളാണ് ശ്വേത.
ബംഗളൂരുവിലെ കെ ആർ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സീഗെഹള്ളി അപാർട്മെന്റിൽ തിങ്കളാഴ്ചയാണ് മൂവരെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വേതയും കെന്നത്തും ചേർന്നാണ് കൊല നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം. പുതുച്ചേരിയിൽ നിന്ന് ശ്വേത അറസ്റ്റിലായി ദിവസങ്ങൾക്ക് ശേഷമാണ് കെന്നത്തിനെ കസ്റ്റഡിയിലെടുത്തത്.
പുതുച്ചേരിയിൽ ബീച്ചുകളിലുള്ള കുടിലുകളിൽ ഒളിവിൽ കഴിയുകയായിരുന്നു കെന്നത്ത്. കഴിഞ്ഞ രണ്ട് മാസമായി ശ്വേതയും കെന്നത്തും ലിവ് ഇൻ ബന്ധത്തിലായിരുന്നുവെന്ന് റിപ്പോർട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കെന്നത്തുമായുള്ള ബന്ധത്തെ ശ്വേതയുടെ മാതാപിതാക്കൾ എതിർത്തിരുന്നുവെന്നും ഇത് കുടുംബത്തിനുള്ളിൽ സംഘർഷങ്ങൾക്ക് കാരണമായെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തിങ്കളാഴ്ച വൈകിട്ട് കുടുംബാംഗങ്ങൾ ശ്വേതയും കെന്നത്തും താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് പോയതായി പൊലീസ് പറഞ്ഞു. ഇവിടെവച്ച് തർക്കത്തെത്തുടർന്ന് മൂവരെയും കുത്തിക്കൊലപ്പെടുത്തിയതായാണ് പ്രാഥമിക നിഗമനം.










0 comments