കാലവര്‍ഷ മേഘങ്ങൾ കണാനില്ല, ഉപഗ്രഹ ചിത്രങ്ങളിൽ വരൾച്ചയുടെ സൂചന

ന്യൂഡൽഹി: സാധാരണയായി ജൂൺ പകുതിയോടെ രാജ്യമാകെ സജീവമാകേണ്ട തെക്കുപടിഞ്ഞാറൻ മൺസൂൺ പാതിവഴിയിൽ സ്തംഭിച്ച നിലയിൽ. ജൂൺ മാസം അവസാനിക്കാറായിട്ടും രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴമേഘങ്ങൾ പൂർണ്ണമായും എത്തിയില്ല. കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം മധ്യ, പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ മൺസൂൺ മഴ മേഘങ്ങളുടെ (Deep Convective Clouds) സാന്നിധ്യം ഇനിയും ഉണ്ടായില്ല.
ഔദ്യോഗിക കണക്കുകൾ പ്രകാരം ജൂൺ 4 മുതൽ ജൂൺ 26 വരെയുള്ള കാലയളവിൽ രാജ്യത്ത് 45 ശതമാനത്തോളം മഴക്കമ്മി രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്കുകൾ കൂടുതൽ ആശങ്കയുണര്‍ത്തുന്നു. ഗുജറാത്തിൽ മാത്രം, സാധാരണ ലഭിക്കേണ്ടതിനേക്കാൾ 84% കുറവ് മഴയാണ് രേഖപ്പെടുത്തിയത്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ എന്നിവടങ്ങളിലും സാധാരണ ലഭിക്കേണ്ട മഴയുടെ പകുതി പോലും ലഭിച്ചിട്ടില്ല. കേരളം, കർണാടക, തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വലിയ തോതിൽ മഴയുടെ കുറവുണ്ട്.
ആകാശം തെളിഞ്ഞു തന്നെ
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാൾ ഉൾക്കടലിന്റെ വടക്കൻ മേഖലകളിലും മാത്രമാണ് നിലവിൽ കനത്ത മഴമേഘങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ ഇടങ്ങളിൽ ആകാശം മേഘങ്ങളില്ലാതെ തെളിഞ്ഞുനിൽക്കുന്ന അസാധാരണ പ്രതിഭാസമാണ് ദൃശ്യമാകുന്നത്.
Related News
കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായത്തിൽ ബംഗാൾ ഉൾക്കടലിലോ അറബിക്കടലിലോ ശക്തമായ ന്യൂനമർദ്ദങ്ങൾ രൂപപ്പെടാത്തതാണ് ഈ മൺസൂൺ വരൾച്ചയ്ക്ക് പ്രധാന കാരണം. പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട ശക്തമായ എൽ നിനോ പ്രതിഭാസവും അന്തരീക്ഷത്തിൽ രൂപപ്പെട്ട വായുസമ്മർദ്ദ വ്യതിയാനങ്ങളും (Weak MJO) കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ഈർപ്പം എത്താതായതോടെ അന്തരീക്ഷം വരണ്ടുണങ്ങി.

ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെയും മധ്യ ഇന്ത്യയുടെയും ഭൂരിഭാഗം പ്രദേശങ്ങളും അസാധാരണമാംവിധം മേഘങ്ങളുടെ അഭാവം കാണിക്കുന്നതായാണ് നിരീക്ഷണ ഉപഗ്രഹ ഡാറ്റകൾ പറയുന്നത്. ഹിമാലയൻ പ്രദേശം, വടക്കുകിഴക്കൻ ഇന്ത്യ, ഇൻഡോ-ഗംഗാ സമതലത്തിന് വടക്കുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് കാര്യമായി മേഘങ്ങളുള്ളത്. അറബിക്കടൽ വഴിയുള്ള കാലവർഷവും ദുർബലമാണ്. ജൂൺ 23-ഓടെ മഴയുടെ അളവിൽ കാര്യമായ പുരോഗതി ഉണ്ടാകുമെന്നായിരുന്നു ഇതുവരെയുള്ള കാലാവസ്ഥാ പ്രവചനങ്ങൾ.
ജൂലൈ ആദ്യവാരം
പ്രതീക്ഷ
രണ്ട് പ്രധാന അന്തരീക്ഷ വ്യതിയാനങ്ങളാണ് വരും ദിവസങ്ങളിൽ മഴ എത്തിക്കുക. ഇത് സ്വാഭാവിക രീതിയിൽ എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ്.ഭൂമധ്യരേഖയ്ക്ക് സമീപം കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു വൻ ഉഷ്ണമേഖലാ കാലാവസ്ഥാ സംവിധാനം രൂപപ്പെടുന്നുണ്ട്. ഇത് അടുത്ത 4 മുതൽ 7 ദിവസത്തിനുള്ളിൽ വടക്കോട്ട് നീങ്ങി ബംഗാൾ ഉൾക്കടലിലേക്ക് പ്രവേശിക്കും. ഇത് മൺസൂൺ കാറ്റിലേക്ക് വൻതോതിൽ ഈർപ്പം എത്തിക്കാൻ സഹായിക്കും എന്നാണ് പ്രതീക്ഷ.
മിഡ്-ട്രോപോസ്ഫെറിക് വോർട്ടെക്സ് (MTV) എന്ന ചുഴി പ്രതിഭാസവും പടിഞ്ഞാറൻ ഇന്ത്യയുടെ അന്തരീക്ഷത്തിന് മുകളിലായി പ്രതീക്ഷിക്കുന്നു. ഇത് മഹാരാഷ്ട്ര, ഗുജറാത്ത് മേഖലകളിൽ വൻ മഴയ്ക്ക് കാരണമാകും. ഇവ കൃത്യമായി പ്രവർത്തിച്ചാൽ ജൂലൈ ആദ്യവാരത്തോടെ മൺസൂൺ വീണ്ടും സജീവമാകുമെന്നും വരൾച്ചയ്ക്ക് താല്ക്കാലിക ശമനമുണ്ടാകുമെന്നുമാണ് പ്രതീക്ഷ.










0 comments