ad
Deshabhimani

സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയി; പ്രതി 21 വർഷത്തിനു ശേഷം പിടിയിൽ

jail new
വെബ് ഡെസ്ക്

Published on Jun 26, 2026, 06:26 PM | 1 min read

പാൽഘർ : സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി 21 വർഷത്തിനു ശേഷം പിടിയിലായി. പാൽഘർ സ്വദേശിയായ രാജേഷ് സുരേഷ് സോങ്കറാണ് (41) പിടിയിലായത്. യുപിയിലെ പ്രയാഗ്‌രാജ് ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നാണ് മീരാ ഭയന്ദർ-വസായ് വിരാർ (എംബിവിവി) പൊലീസ് രാജേഷിനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ഇയാൾ ഉത്തർപ്രദേശിൽ റിക്ഷാ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.


2005 ഡിസംബർ 27 നാണ് കേസിനാസ്പദമായ സംഭവം. പാൽഘറിലെ ഭാട്ടിബന്ദർ ഗ്രാമത്തിലെ ഒരു അരുവിക്ക് സമീപത്തുനിന്ന് 30 കാരനായ ദിലീപ് തുക്കാറാം ചവാന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് ചവാൻ മരിച്ചത്. ഐപിസി സെക്ഷൻ 302 (കൊലപാതകം), 201 (തെളിവുകൾ നശിപ്പിക്കൽ) എന്നിവ പ്രകാരം വിരാർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഒരു തുമ്പും ലഭിക്കാത്തതിനാൽ കേസിൽ പുരോഗതിയുണ്ടായില്ല.


കമീഷണറേറ്റിന്റെ അധികാരപരിധിയിലുടനീളമുള്ള ദീർഘകാലമായി പരിഹരിക്കപ്പെടാത്ത കൊലപാതക കേസുകളിൽ സമാന്തര അന്വേഷണത്തിന് എംബിവിവി പൊലീസ് കമീഷണർ ഉത്തരവിട്ടതിനെ തുടർന്നാണ് കേസിൽ വഴിത്തിരിവുണ്ടായത്. വസായിലെ ക്രൈംബ്രാഞ്ച് യൂണിറ്റ് 2 കേസ് ഏറ്റെടുത്ത് വീണ്ടും അന്വേഷണം ആരംഭിച്ചു. പ്രധാന പ്രതി ഉത്തർപ്രദേശിൽ ഒളിച്ചുതാമസിക്കുന്നതായി ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിച്ചു. തുടർന്ന് സൈബർ പൊലീസിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ കണ്ടെത്തി. ചോദ്യം ചെയ്യലിൽ സോങ്കർ കുറ്റം സമ്മതിച്ചു. ചവാൻ തന്റെ സുഹൃത്തായിരുന്നെന്നും ഒരു ഹോട്ടലിൽ സാനിറ്റേഷൻ ജീവനക്കാരായി ഒരുമിച്ച് ജോലി ചെയ്തിരുന്നതായും സോങ്കർ പൊലീസിനോട് പറഞ്ഞു.


ചവാന്റെ പരിചയക്കാരനായ ഒരാൾ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന് സോങ്കർ പറയുന്നു. കുറ്റകൃത്യത്തിൽ പ്രതിയെ ചവാൻ സഹായിച്ചിട്ടുണ്ടെന്ന് സംശയിച്ച സോങ്കർ ഇതിൽ പ്രകോപിതനായി ചവാനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം ഉപേക്ഷിച്ചു. കൊലപാതകത്തിന് ശേഷം ഉടൻ തന്നെ മഹാരാഷ്ട്രയിൽ നിന്ന് രക്ഷപെട്ട സോങ്കർ ആദ്യത്തെ ആറ് വർഷം ലഖ്‌നൗവിൽ ഒളിവിൽ കഴിഞ്ഞു. പിന്നീട് പ്രയാഗ്‌രാജിലേക്ക് താമസം മാറുകയായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home