ഐടിആർ ഫയൽ ചെയ്യാൻ മറക്കരുത്; ജൂലൈ മാസത്തിൽ ഓർത്തിരിക്കാം ഈ സാമ്പത്തിക കാര്യങ്ങൾ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : ജൂലൈ ഒന്നുമുതൽ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ചിലപ്പോൾ നിരവധി കാര്യങ്ങളിൽ മാറ്റം വരുത്തേണ്ടി വന്നേക്കാം. രാജ്യത്ത് സാമ്പത്തിക - ബാങ്കിങ് രംഗത്ത് ജൂലൈ ഒന്നു മുതൽ പുതിയ ചില മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. സാധാരണക്കാരുടെ കുടുംബ ബജറ്റിനെയും സാമ്പത്തിക ഇടപാടുകളെയും നേരിട്ട് ബാധിക്കുന്ന പരിഷ്കാരങ്ങളാണ് ഇവയിൽ ഭൂരിഭാഗവും.
ആധാറിൽ സൗജന്യ ഇമെയിൽ അപ്‌ഡേഷൻ
ആധാർ കാർഡ് ഉടമകൾക്ക് വലിയ ആശ്വാസമേകുന്ന പ്രഖ്യാപനവുമായി യുഐഡിഎഐ രംഗത്തെത്തിയിരിക്കുകയാണ്. ജൂലൈ ഒന്നു മുതൽ ഡിസംബർ വരെ ആധാറിൽ ഇ-മെയിൽ വിലാസം സൗജന്യമായി അപ്ഡേറ്റ് ചെയ്യാവുന്നതാണ്. നിലവിൽ ഇ-മെയിൽ വിലാസം ചേർക്കുന്നതിനോ പുതുക്കുന്നതിനോ 75 രൂപയാണ് ഈടാക്കുന്നത്.
ഡിജിറ്റൽ സേവനങ്ങൾക്കും സർക്കാർ ആനുകൂല്യങ്ങൾ സുഗമമായി ലഭിക്കുന്നതിനും ആധാർ അധിഷ്ഠിത സാക്ഷ്യപ്പെടുത്തലിനും ഇ-മെയിൽ ഐഡി കൃത്യമായിരിക്കേണ്ടതുണ്ട്. ഒടിപികൾ സാധാരണയായി മൊബൈലിലാണ് വരാറുള്ളതെങ്കിലും, പ്രധാന അലേർട്ടുകൾക്കും ആശയവിനിമയങ്ങൾക്കും ഇ-മെയിൽ അപ്‌ഡേഷൻ ആവശ്യമാണ്. ഉപയോക്താക്കൾ ഔദ്യോഗിക യുഐഡിഎഐ പോർട്ടൽ വഴിയോ അംഗീകൃത ആധാർ സേവന കേന്ദ്രങ്ങൾ വഴിയോ മാത്രം ഇ-മെയിൽ അപ്ഡേറ്റ് ചെയ്യാൻ ശ്രദ്ധിക്കണം.
ടിക്കറ്റില്ലെങ്കിൽ കനത്ത പിഴ ചുമത്താൻ റെയിൽവേ
ടിക്കറ്റില്ലാത്ത യാത്രക്കാർക്കെതിരെ ശക്തമായ നടപടികളുമായി ഇന്ത്യൻ റെയിൽവേ. ജൻ വിശ്വാസ് ആക്ട് ഭേദഗതി പ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ ഈടാക്കുന്ന കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി. വനിതാ കോച്ചുകളിൽ അതിക്രമിച്ചു കയറുന്ന പുരുഷന്മാർക്ക് 2,500 രൂപ വരെ പിഴ ചുമത്തും. മറ്റൊരാളുടെ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കും.
ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുന്നവർക്കെതിരെയും ഇനി മുതൽ കർശന നടപടിയുണ്ടാകും. ട്രെയിനുകളിൽ അനധികൃത കച്ചവടം നടത്തുന്നവർ, ഭിക്ഷാടനം, ശല്യപ്പെടുത്തൽ, പരസ്യമായ മദ്യപാനം, റെയിൽവേ വസ്തുക്കൾ നശിപ്പിക്കൽ എന്നിവക്കും വലിയ തുക പിഴ ഈടാക്കും.
ഐടിആർ ഫയലിംഗ്
ശമ്പളക്കാരായ ജീവനക്കാർക്കും ഓഡിറ്റിംഗ് ആവശ്യമില്ലാത്ത മറ്റ് വ്യക്തികൾക്കുമായി 2025-26 സാമ്പത്തിക വർഷത്തെ ഇൻകം ടാക്സ് റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. നിശ്ചിത സമയത്തിനകം ഐടിആർ-1, ഐടിആർ-2 ഫോമുകൾ സമർപ്പിക്കേണ്ടതുണ്ട്.









0 comments