കാലവർഷം വൈകുന്നു: കാർഷിക മേഖലക്ക് തിരിച്ചടി

അസമിലെ ഒരു നെൽവയലിൽ നിന്നുള്ള ദൃശ്യം (Image Credit : REUTERS/Anuwar Hazarika/File Photo)
ന്യൂഡൽഹി : അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ് രാജ്യത്തിന് ആശ്വാസം നൽകുന്നുണ്ടെങ്കിലും സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ഭീഷണിയായി മാറുകയാണ് ദുർബലമായിക്കൊണ്ടിരിക്കുന്ന കാലവർഷം. വരും മാസങ്ങളിൽ ഇത് പണപ്പെരുപ്പം വർധിപ്പിക്കുമെന്നും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പസഫിക് സമുദ്രത്തിലെ 'എൽ നിനോ'പ്രതിഭാസമാണ് ഇത്തവണ രാജ്യത്ത് കാലവർഷം കുറയാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇന്ത്യയിലെ വാർഷിക മഴയുടെ 70 ശതമാനവും തെക്കുപടിഞ്ഞാറൻ കാലവർഷത്തിലൂടെയാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ 300 ബില്യൺ ഡോളർ മൂല്യമുള്ള രാജ്യത്തെ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയാണിത്. ഗ്രാമീണ മേഖലയിലെ ഉപഭോഗം, ജനങ്ങളുടെ വാങ്ങൽ ശേഷി, മൊത്തത്തിലുള്ള സാമ്പത്തിക വളർച്ച എന്നിവയിലെല്ലാം കാലവർഷത്തിന് വലിയ സ്വാധീനമുണ്ട്.
മഴയുടെ അളവ് കുറയുന്നത് വിപണിയിലും ഗ്രാമീണ മേഖലയിലെ ഉപഭോഗത്തിലും വലിയ തിരിച്ചടിയുണ്ടാക്കും. ആദ്യം പണപ്പെരുപ്പവും പിന്നീട് ജനങ്ങളുടെ വാങ്ങൽ ശേഷിയിലുണ്ടാകുന്ന കുറവും വരാനിരിക്കുന്ന ഉത്സവ സീസണുകളിലെ കച്ചവടത്തെപ്പോലും പ്രതികൂലമായി ബാധിക്കും.
കാലവർഷത്തിലുണ്ടാകുന്ന 10 ശതമാനം കുറവ് പോലും രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഒരു ശതമാനം വരെ വർധിപ്പിക്കാൻ കാരണമായേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ജൂൺ 22 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ലഭിക്കേണ്ട മഴയിൽ 43 ശതമാനത്തിന്റെ കുറവാണ് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്തെ ഗ്രാമീണമേഖലയിൽ കാലവർഷത്തിലുണ്ടാകുന്ന താമസം ആദ്യ ഘട്ടത്തിൽ ഔദ്യോഗിക കണക്കുകളിൽ പ്രകടമാകില്ല. എന്നാൽ വളം വില്പനയിലെ കുറവ്, ട്രാക്ടർ ബുക്കിംഗുകളിലെ ഇടിവ്, ഇരുചക്ര വാഹനങ്ങൾക്കായുള്ള അന്വേഷണങ്ങളിലെ കുറവ് എന്നിവയിലൂടെ പ്രതിസന്ധി തിരിച്ചറിയാനാകും. പിന്നീട് ഇത് നഗരങ്ങളിലേക്കും വ്യാപിച്ച് രാജ്യത്തിന്റെ മൊത്തം സാമ്പത്തിക വളർച്ചയെ ബാധിക്കും.
ആർബിഐ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിലവിൽ പണപ്പെരുപ്പം ആർബിഐയുടെ നിശ്ചിത പരിധിയായ 2 മുതൽ 6 ശതമാനത്തിനുള്ളിൽ നിൽക്കുന്നുണ്ടെങ്കിലും ഒക്ടോബറോടെ ഇത് 5.5 ശതമാനത്തിന് മുകളിലേക്ക് ഉയർന്നേക്കാം. അങ്ങനെയെങ്കിൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ ആർബിഐക്ക് പലിശനിരക്ക് വീണ്ടും വർധിപ്പിക്കേണ്ടി വന്നേക്കാം.
രാജ്യത്ത് നിലവിലുള്ള ഭക്ഷ്യധാന്യ ശേഖരം കടുത്ത പ്രതിസന്ധി ഒഴിവാക്കാൻ സഹായിക്കുമെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയും ധനനയ സമിതി അംഗം നാഗേഷ് കുമാറും വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഈ ശേഖരം പ്രധാനമായും അരി, ഗോതമ്പ് എന്നിവയ്ക്ക് മാത്രമാണ്. പയറുവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, മറ്റു ധാന്യങ്ങൾ എന്നിവയുടെ കുറവ് പരിഹരിക്കാൻ ഈ ശേഖരത്തിനാവില്ലെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ ഇന്ത്യ വൻതോതിൽ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് എൽ നിനോ ബാധിച്ച തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നായതിനാൽ ആഗോളതലത്തിലും ഇത് വലിയ ആശങ്കയാണ്.
പ്രതിസന്ധി നേരിടാൻ മഴ കുറയാൻ സാധ്യതയുള്ള 315 ജില്ലകളെ കേന്ദ്ര സർക്കാർ മുൻകൂട്ടി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ജലസേചന സൗകര്യങ്ങൾ കുറവുള്ള 111 ജില്ലകൾ അതീവ ജാഗ്രത വേണ്ടവയാണ്. ഇവിടങ്ങളിൽ ജലസംരക്ഷണ നടപടികൾ സ്വീകരിക്കാനും ഇതരവിളകൾ കൃഷി ചെയ്യാനും സംസ്ഥാനങ്ങളുമായി ചേർന്ന് അടിയന്തര പദ്ധതികൾ തയ്യാറാക്കുന്നുണ്ട്.
2023ലും സമാനമായ രീതിയിൽ കാലവർഷം കുറഞ്ഞപ്പോൾ ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയാൻ ഇന്ത്യ അരി കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആഗോള അരി കയറ്റുമതിയുടെ 40 ശതമാനവും കൈകാര്യം ചെയ്യുന്ന ഇന്ത്യയുടെ ഈ നടപടി അന്താരാഷ്ട്ര വിപണിയെ വൻതോതിൽ ബാധിച്ചിരുന്നു. എന്നാൽ ഇത്തവണ കയറ്റുമതി നിയന്ത്രണങ്ങളെക്കുറിച്ച് നിലവിൽ സൂചനകളൊന്നുമില്ല.









0 comments