ad
Deshabhimani

കൊൽക്കത്തയിൽ സംഭരണശാലയുടെ മേൽക്കൂര തകർന്നുണ്ടായ അപകടം; മരണസംഖ്യ 15 ആയി ഉയർന്നു

kolkata roof collapse

അപകടം നടന്ന പ്രദേശത്തെരക്ഷാപ്രവർത്തനം (Photo Credit: ANI)

വെബ് ഡെസ്ക്

Published on Jun 26, 2026, 06:52 PM | 1 min read

കൊൽക്കത്ത: കൊൽക്കത്തയിൽ നിർമാണത്തിലിരുന്ന സംഭരണശാലയുടെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 15 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച പശ്ചിമ കൊൽക്കത്തയിലെ തരാല പ്രദേശത്ത് നിർമാണത്തിലിരുന്ന മൂന്ന് നിലക്കെട്ടിടമാണ് തകർന്നു വീണത്. രക്ഷാപ്രവർത്തനം നടത്തുന്ന സംഘങ്ങൾ ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. രണ്ട് പേർ ചികിത്സയിലിരിക്കെ മരിച്ചു.


അപകടമുണ്ടായി രണ്ട് ​ദിവസത്തിനു ശേഷവും സൈന്യമടക്കമുള്ള സംഘങ്ങൾ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവർ എസ്‌എസ്‌കെഎം ട്രോമ കെയർ സെന്ററിൽ ചികിത്സയിലാണ്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. മന്നു കുമാർ, സാഹിൽ സർദാർ എന്നീ തൊഴിലാളികളാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബിഹാറിലെ മുൻഗർ ജില്ല സ്വദേശിയാണ് മന്നു. മന്നുവിന്റെ സഹോദരൻ ഘി കുമാറും അപകടത്തിൽ മരിച്ചു. ഇവരുടെ പിതാവ് പരിക്കേറ്റ് ചികിത്സയിലാണ്. സൈന്യത്തിലെയും ദേശീയ ദുരന്ത നിവാരണ സേനയിലെയും ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം തുടരുകയാണെന്നും അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്യാൻ സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.


താരതലയിലെ ബ്രേസ് ബ്രിഡ്ജിന് സമീപമുള്ള ട്രാൻസ്‌പോർട്ട് ഡിപ്പോ റോഡിലാണ് സംഭരണശാല സ്ഥിതി ചെയ്യുന്നത്. കൊൽക്കത്തയിലെ ശ്യാമ പ്രസാദ് മുഖർജി തുറമുഖത്തിന് കീഴിലുള്ള പാട്ടക്കരാർ ഭൂമിയിലാണ് തകർന്ന കെട്ടിടം നിർമിച്ചിരുന്നത്. മൂന്നാം നിലയുടെ മേൽക്കൂരയുടെ വാർപ്പ് ജോലികൾ നടക്കുന്നതിനിടെയാണ് കെട്ടിടം തകർന്നത്. മുകളിലെ കോൺക്രീറ്റിന്റെ ഭാരം താങ്ങാൻ ഇരുമ്പ് ബീമുകൾക്ക് ശേഷിയില്ലായിരുന്നുവെന്നും നിർമാമ്മാണത്തിന് ആവശ്യമായ ബ്രേസുകൾ നൽകിയിരുന്നില്ലെന്നും സ്ട്രക്ചറൽ എഞ്ചിനീയർമാർ വിലയിരുത്തുന്നു. നിലവാരമില്ലാത്ത നിർാണ സാമഗ്രികൾ ഉപയോഗിച്ചതായും പ്രദേശത്ത് അനധികൃത നിർമ്മാണം നടന്നിരുന്നതായും ആക്ഷേപമുണ്ട്.


സൈന്യം, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, കൊൽക്കത്ത പൊലീസ്, അഗ്നിശമന സേന, സിവിൽ ഡിഫൻസ് എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ എൻഡിആർഎഫ് സ്നിഫർ ഡോഗുകളെയും ഡ്രോണുകളെയും വിന്യസിച്ചു. കോൺക്രീറ്റ് മുറിച്ചുമാറ്റാൻ ഗ്യാസ് കട്ടറുകളും ഡ്രില്ലിംഗും ഉപയോഗിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home