പനിച്ച് വിറച്ച് കേരളം: ഇന്ന് 95 പേർക്ക് ഡെങ്കിപ്പനി, മൂന്ന് മരണം; ഷിഗെല്ലയും എലിപ്പനിയും പടരുന്നു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പടർന്നുപിടിക്കുന്നതോടെ ജനജീവിതം ദുസ്സഹമാകുന്നു. ഇന്ന് മാത്രം 95 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിന് പുറമേ വിവിധ പകർച്ചവ്യാധികൾ ബാധിച്ച് ഇന്ന് മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
അമീബിക് മസ്തിഷ്‌കജ്വരം, ഇൻഫ്‌ളുവൻസ, എലിപ്പനി എന്നീ രോഗങ്ങൾ ബാധിച്ചാണ് മൂന്ന് പേർ മരിച്ചത്. പേ വിഷബാധയെ തുടർന്ന് ഇന്ന് ഒരാൾക്കും ജീവൻ നഷ്ടമായിട്ടുണ്ട്. ഈ മാസം മാത്രം സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 1802 ആയി ഉയർന്നു.
നിലവിൽ സംസ്ഥാനത്തെ ആകെ പനി ബാധിതരുടെ എണ്ണം 9817 ആണ്. ഡെങ്കിപ്പനിക്ക് പുറമേ എലിപ്പനിയും മഞ്ഞപ്പിത്തവും വൻതോതിൽ പടരുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുവരെ 11 പേർക്ക് എലിപ്പനിയും 19 പേർക്ക് മഞ്ഞപ്പിത്തവും (ഹെപ്പറ്റൈറ്റിസ്) ബാധിച്ചിട്ടുണ്ട്.
പകർച്ചപ്പനിക്കൊപ്പം വില്ലനായി ഷിഗെല്ല ബാധയും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഇതുവരെ എട്ട് പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തത്.
വയനാട് ജില്ലയിൽ രണ്ട് പേർക്കും എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓരോ കേസ് വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴ ശക്തമായതോടെ ഈ ഡിസീസ് ഔട്ട്ബ്രേക്ക് പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിക്കാനും അധികൃതർ ആവശ്യപ്പെട്ടു. പനി ബാധിച്ചാൽ സ്വയംചികിത്സ ഒഴിവാക്കി തൊട്ടടുത്തുള്ള ആശുപത്രികളിൽ അടിയന്തരമായി ചികിത്സ തേടണമെന്നാണ് നിർദ്ദേശം.









0 comments