കോർപ്പറേഷനിലെ രേഖകൾ തിരുത്തിയെന്ന് സംശയം; കാപ്പ കേസ് പ്രതി സുഗതനെ സംരക്ഷിക്കാൻ ബിജെപി നീക്കമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഹാജർ ബുക്ക് അടക്കമുള്ള ഔദ്യോഗിക രേഖകളിൽ തിരുത്തൽ വരുത്തിയിട്ടുണ്ടോ എന്ന് ശക്തമായ സംശയമുള്ളതായി വി ശിവൻകുട്ടി. ഹാജർ ബുക്കിൽ തിരുത്തൽ വരുത്തി കാപ്പ കേസ് പ്രതിയായ സുഗതനെ സംരക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷഭരിതമായ സംഭവങ്ങളെത്തുടർന്ന് തിരുവനന്തപുരം നഗരസഭ പൂർണ്ണമായും ഭരണസ്തംഭനത്തിലാണ്.
നഗരസഭ ഓരോ ദിവസവും തെറ്റിൽ നിന്ന് കൂടുതൽ തെറ്റുകളിലേക്കാണ് പോകുന്നതെന്ന് വി ശിവൻകുട്ടി കുറ്റപ്പെടുത്തി. തിരുവനന്തപുരം കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കാപ്പ കേസ് പ്രതി കൗൺസിലറായി മാറുന്നത്.
വാഴോട്ടുകോണം വാർഡിലെ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാണ് ഇയാൾ വോട്ട് ചെയ്യിപ്പിച്ചതെന്നും ശിവൻകുട്ടി ആരോപിച്ചു. മുൻ കേന്ദ്രമന്ത്രിയും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖറിനെതിരെയും വി ശിവൻകുട്ടി രംഗത്തെത്തി.
രാജീവ് ചന്ദ്രശേഖർ ഭീഷണിയുടെ സ്വരം അവസാനിപ്പിക്കണമെന്നും രാഷ്ട്രീയപരമായ പ്രശ്നങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരസഭയിൽ ഇന്നലെയുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും അക്രമങ്ങൾക്കും മുഴുവൻ ഉത്തരവാദി മേയറാണ്. ബോധപൂർവ്വം ഒരു കലാപം സൃഷ്ടിച്ച് പ്രതിയായ സുഗതനെ രക്ഷിച്ചെടുക്കാനാണ് മേയർ ഉദ്ദേശിക്കുന്നതെന്നും വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.









0 comments