കുറുപ്പംപടിയിൽനിന്ന് കാണാതായ പെൺകുട്ടി ഒഡിഷയിൽ; നക്സൽബാധിത മേഖലയിൽനിന്ന് രക്ഷപ്പെടുത്തി

കാണാതായ പെൺകുട്ടിയെ ഒഡീഷയിൽനിന്ന് കണ്ടെത്തിയ അന്വേഷകസംഘത്തിലെ ഉദ്യോഗസ്ഥർ
പെരുമ്പാവൂർ: കാണാതായ 13 വയസുകാരിയെ കണ്ടെത്തുവാനായി 4,000 കിലോമീറ്ററോളം റോഡുമാർഗം സഞ്ചരിച്ച് പൊലീസ്. കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രത്യേക അന്വേഷകസംഘം ഒഡിഷയിലെ നക്സൽബാധിത മേഖലയായ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിൽനിന്ന് കണ്ടെത്തിയത്.
ആഗസ്‌ത് 13ന് വൈകിട്ട് ആറിനാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ച ഉടൻ സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ കുട്ടി താമസിച്ചിരുന്ന മേതല മേഖലയിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് വിവരം ലഭിച്ചു. സേലത്തെ കമ്പനിയിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നതായി കേശവ് സൂചന നൽകി. പൊലീസ് സംഘം സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതും അന്വേഷണത്തിന് വെല്ലുവിളിയായി.
തുടർന്ന് ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷകസംഘം ഒഡിഷയിലേക്ക് യാത്ര തിരിച്ചു. ഒഡിഷയിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന നിർണായക വിവരം ലഭിച്ചത്.
ഏകദേശം 4,000 കിലോമീറ്റർ സഞ്ചരിച്ച അന്വേഷകസംഘം പെൺകുട്ടിയെ രക്ഷപ്പെടുത്തി കേരളത്തിലേക്ക് മടങ്ങി. സബ് ഇൻസ്പെക്ടർ കെ എം അബി, സീനിയർ സി പി ഒ മാരായ എൻ പി ബിന്ദു, അരുൺ കെ കരുണൻ, രജിത് രാം എന്നിവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.









0 comments