വിലക്കയറ്റത്തിൽ പ്രതിസന്ധിയിലായി കാറ്ററിങ് മേഖല; സദ്യവട്ടങ്ങൾക്കും തീവില

എഐ പ്രതീകാത്മകചിത്രം
കൊച്ചി : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംസ്ഥാനത്തെ കാറ്ററിങ് മേഖലയെ പ്രതികൂലമായി ബാധിച്ചു. ചെറുകിട കാറ്ററിങ് മേഖലയ്ക്കാണ് വിപണിയിലെ വിലക്കയറ്റം കാര്യമായി തിരിച്ചടിയായത്. വില വര്‍ധനവിന് അനുസൃതമായി ഓണസദ്യയുടെ വില വര്‍ധിപ്പിച്ചാല്‍ അത് ഓര്‍ഡറുകള്‍ കുറയാന്‍ ഇടയാക്കുമെന്നതാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്. പാചകവാതക ക്ഷാമവും വാണിജ്യ സിലിണ്ടറിനുണ്ടായ വില വര്‍ധനവും പ്രതിസന്ധിയെ രൂക്ഷമാക്കി. കണ്ടെയ്നറുകള്‍ക്കും വില വര്‍ധിച്ചു. ഇലയുടെ വിലയും വര്‍ധിച്ചു.
കഴിഞ്ഞ വര്‍ഷം അഞ്ചുപേരുടെ പായ്‌ക്കിന് 2000 മുതല്‍ 2500 വരെയാണ് ഈടാക്കിയിരുന്നതെങ്കില്‍ ഇത്തവണ 2500 മുതല്‍ 3000 വരെയാണ്. അത്തംമുതല്‍ തിരുവോണംവരെയാണ് പ്രധാനമായും ഓര്‍ഡറുകള്‍ ലഭിക്കുന്നത്. സാധാരണ സദ്യക്ക് ഒരാള്‍ക്ക് 200 മുതല്‍ 250 വരെയായിരുന്നത് ഇത്തവണ 250 മുതല്‍ 300 വരെയായിട്ടുണ്ട്. സര്‍ക്കാര്‍ ഓഫിസുകള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, കോളേജുകള്‍, സംഘടനകള്‍ എന്നിവയാണ് പ്രധാനമായും സദ്യ ബുക്ക് ചെയ്യുന്നത്. അത്തത്തിനു തലേനാൾ തുടങ്ങിയ ബുക്കിങ് പൂരാടംവരെ തുടരും.
ആവശ്യക്കാർ കൂടിയപ്പോൾ ചില കാറ്ററിങ് യൂണിറ്റുകള്‍ ഇപ്പോള്‍ തന്നെ ബുക്കിങ് നിര്‍ത്തിവച്ച അവസ്ഥയാണ്. ഇഞ്ചി അച്ചാർ, പപ്പടം, പായസവും ഉൾപ്പെടെ 22 വിഭവങ്ങളാണ് ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നത്. പാലട പ്രഥമനും, പരിപ്പുപായസവും ലിറ്ററിന് 300 രൂപ നിരക്കിലാണ് വിൽപ്പന നടത്തുന്നത്.
പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കത്തിക്കയറുന്നതും ഓണത്തിന് ആശങ്ക പരത്തുന്നു. അരി, വെളിച്ചെണ്ണ, പച്ചക്കറി തുടങ്ങി എല്ലാ അവശ്യസാധനങ്ങൾക്കും വില വാനോളമുയർന്നു. പൊതുവിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
വിപണിയിൽ അരിവില കുതിക്കുകയാണ്. കിലോക്ക് അഞ്ചുരൂപവരെയാണ് വര്‍ധന. സദ്യയ്ക്ക് പ്രിയങ്കരമായ മട്ട അരിക്ക് കിലോയ്ക്ക് 62 മുതൽ 65 രൂപവരെയായി. പൊന്നി അരിക്ക് 50 – 65 രൂപയും സുരേഖ – 58 , ജയ അരി 52 – 55 രൂപവരെയുമാണ് നിലവിലെ നിരക്ക്. പച്ചക്കറികളില്‍ ബീന്‍സിന് 80 മുതല്‍ 90 രൂപവരെയാണ് മൊത്തവ്യാപാര വില. ഉള്ളി – 90, ബീറ്റ്റൂട്ട് – 80, കാരറ്റ് – 70, പച്ചമുളക് – 60, വെണ്ടയ്ക്ക – 60, തക്കാളി – 30 മുതല്‍, വെള്ളരി – 30, മത്തന്‍ – 30, മുരിങ്ങക്കായ – 30 മുതല്‍ എന്നിങ്ങനെയാണ് മറ്റുപച്ചക്കറികളുടെ വില. ഓണപ്പലഹാരങ്ങളായ വറുത്തുപ്പേരിയും ശർക്കരവരട്ടിയും തയാറാക്കാൻ ഉപയോഗിക്കുന്ന പച്ചക്കായക്ക് തീ വിലയാണ്. കിലോയ്ക്ക് 75 മുതൽ 85 രൂപവരെ കൊടുക്കണം. ഇതിനുപുറമേ ഞാലിപ്പൂവൻ പഴത്തിന്റെ വില നൂറും കടന്നു. പഞ്ചസാരയ്ക്ക് 65 രൂപയാണ് വില.
വെളിച്ചെണ്ണയുടെ വിലയാണ് നെഞ്ചിൽ തീ കോരിയിടുന്നത്. ലിറ്ററിന് 300 രൂപ മുതൽ 350 രൂപവരെ ഉയർന്നതോടെ സദ്യയ്ക്ക് വിഭവങ്ങള്‍ കുറയ്ക്കേണ്ടി വരുമെന്നും ചിലർ ആശങ്കപ്പെടുന്നു. തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങളുടെ ലഭ്യതക്കുറവും ഗതാഗതച്ചെലവ് ഉയർന്നതുമാണ് തിരിച്ചടിയായതെന്ന് വ്യാപാരികള്‍ പറയുന്നു.









0 comments