ad
Deshabhimani

കുവൈത്തിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി ചെലവേറും

kuwait
വെബ് ഡെസ്ക്

Published on Jun 26, 2026, 05:48 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾക്കുള്ള സർവീസ് നിരക്കിൽ വൻ വർധന.

ജൂലൈ ഒന്ന് മുതൽ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളുടെ പ്രവർത്തനം ഏറ്റെടുക്കുന്ന പുതിയ സേവനദാതാക്കളായ ഡ്യൂ ഡിജിറ്റൽ ഗ്ലോബൽ തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഫീസ് വിവരങ്ങളിലാണ് വർധന വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട് ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി ഇനി കൂടുതൽ തുക ചെലവഴിക്കേണ്ടിവരും.

നിലവിൽ ഏകദേശം ഒരു ദിനാർ മാത്രമായിരുന്ന സർവീസ് ചാർജ് പുതിയ സംവിധാനത്തിൽ ആറു ദിനാറായി ഉയരും. ടൈപ്പിംഗ്, പ്രിന്റിംഗ്, അപേക്ഷാ സഹായം, ഫോട്ടോക്കോപ്പി, കൊറിയർ സേവനം എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ, ഇതുവരെ കൊറിയർ ഉൾപ്പെടെ ഏകദേശം മൂന്നര ദിനാർ വരെ ചെലവഴിച്ചിരുന്ന ചില പാസ്‌പോർട്ട് സേവനങ്ങൾക്ക് ഇനി ആറു ദിനാർ നൽകേണ്ടിവരും. പാസ്‌പോർട്ട് സേവനങ്ങൾക്കു പുറമെ മറ്റ് കോൺസുലർ സേവനങ്ങൾക്കും സമാന രീതിയിലുള്ള സർവീസ് ചാർജ് വർധന ബാധകമാണെന്ന സൂചനയാണ് ഡ്യൂ ഡിജിറ്റൽ വെബ്സൈറ്റിലെ ഫീസ് വിവരങ്ങൾ നൽകുന്നത്. ഇതോടെ പാസ്‌പോർട്ട് പുതുക്കൽ, വിവിധ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ തേടുന്ന പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

താഴ്ന്ന വരുമാനക്കാരായ പ്രവാസികളെയും ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി നിരന്തരം രേഖകൾ സമർപ്പിക്കേണ്ടി വരുന്ന നഴ്‌സുമാർ ഉൾപ്പെടെയുള്ള പ്രൊഫഷണലുകളെയും പുതിയ നിരക്ക് കൂടുതൽ ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അതേസമയം, ഓൺലൈൻ അപ്പോയിന്റ്മെന്റ് ഉൾപ്പെടെയുള്ള പുതിയ സൗകര്യങ്ങൾ ഒരുക്കി സേവനങ്ങൾ കൂടുതൽ ക്രമബദ്ധവും വേഗത്തിലും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.

ജൂലൈ ഒന്ന് മുതലാണ് ഡ്യൂ ഡിജിറ്റൽ ഗ്ലോബൽ കുവൈത്തിലെ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളുടെ ചുമതല ഏറ്റെടുക്കുന്നത്. കുവൈത്ത് സിറ്റി, ഫഹാഹീൽ, ദജീജ്, ജഹറ എന്നിവിടങ്ങളിലായി നാല് കേന്ദ്രങ്ങളിലാകും സേവനങ്ങൾ ലഭ്യമാകുക. നേരത്തെ അബ്ബാസിയയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം ദജീജിലേക്ക് മാറ്റിയതും പുതിയ സംവിധാനത്തിലെ പ്രധാന മാറ്റങ്ങളിലൊന്നാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home