ബാത്ത്റൂമിൽ ഒളിപ്പിച്ച പണം, സിസിടിവി മറയ്ക്കാൻ ശ്രമം; അയോധ്യയിലെ കോടികളുടെ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനപ്പണം ജീവനക്കാർ ചേർന്ന് തട്ടിയെടുത്തതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും അനിൽ മിശ്രയുടെയും രാജിയിലേക്ക് നയിച്ച സംഭാവന വെട്ടിപ്പ് കേസിലെ പ്രതികളുടെ തട്ടിപ്പ് രീതികളാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോർട്ടിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ സാധാരണയായി തുറക്കുമ്പോൾ 6 മുതൽ 7 ലക്ഷം രൂപ വരെയാണ് ഉണ്ടാകാറുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി 500 രൂപ നോട്ടുകളുടെ കെട്ടുകളിൽ വലിയ കുറവ് അനുഭവപ്പെട്ടതോടെയാണ് ബാങ്ക് നിക്ഷേപങ്ങൾ പരിശോധിച്ച ട്രസ്റ്റ് അധികൃതർക്ക് തട്ടിപ്പിനെക്കുറിച്ച് സൂചന ലഭിക്കുന്നത്.
തുടർന്ന് പണം എണ്ണുന്ന മുറിയിൽ അധികൃതർ രഹസ്യ ക്യാമറകൾ സ്ഥാപിക്കുകയായിരുന്നു. രഹസ്യ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളുടെ ആസൂത്രിത നീക്കങ്ങൾ പുറത്തായത്. പണം എണ്ണുന്നതിനിടെ ഒരു ജീവനക്കാരൻ മുറിയിലെ ഔദ്യോഗിക സിസിടിവി ക്യാമറയ്ക്ക് മുന്നിൽ ബോധപൂർവ്വം മറഞ്ഞു നിൽക്കും.
ഈ സമയം നോക്കി കൂട്ടാളി നോട്ടുകെട്ടുകളിൽ നിന്ന് പണമെടുത്ത് വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിക്കും. ബാങ്കിലേക്ക് പണം അയക്കുന്നതിന് മുൻപ് ഇവർ ഓരോ നോട്ടുകെട്ടുകളിലും അധിക നോട്ടുകൾ തിരുകിക്കയറ്റും. ആകെ കെട്ടുകളുടെ എണ്ണം മാത്രം നോക്കി ഉദ്യോഗസ്ഥർ വൗച്ചർ ഒപ്പിടുമ്പോൾ, ഓരോ കെട്ടിലുമുള്ള നോട്ടുകളുടെ എണ്ണം കൃത്യമായി പരിശോധിക്കാറില്ലായിരുന്നു.
പിന്നീട് ബാങ്കിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വെച്ച് ഈ അധിക നോട്ടുകൾ പ്രതികൾ കൈക്കലാക്കും. ഇതോടെ വൗച്ചറിലെ തുകയും ബാങ്കിലെ തുകയും തുല്യമായിരിക്കുമെങ്കിലും വലിയൊരു തുക ചോർത്തപ്പെട്ടിരിക്കും. ക്ഷേത്രത്തിനുള്ളിൽ വെച്ച് മോഷ്ടിക്കുന്ന പണം പ്രതികൾ ആദ്യം പരിസരങ്ങളിലെത്തന്നെ ബാത്ത്റൂമുകളിലാണ് ഒളിപ്പിച്ചിരുന്നത്.
പിന്നീട് അനുകൂലമായ സാഹചര്യം നോക്കി ഇത് പുറത്തേക്ക് കടത്തുകയും രഹസ്യകേന്ദ്രത്തിൽ വെച്ച് പങ്കിട്ടെടുക്കുകയുമായിരുന്നു. 2024-ൽ ക്ഷേത്രം തുറന്നതുമുതൽ ഈ തട്ടിപ്പ് സംഘം സജീവമായിരുന്നു എന്നാണ് വിവരം. ഈ വർഷം ഏപ്രിൽ 27 നും ജൂൺ 5 നും ഇടയിൽ മാത്രം 70 മോഷണങ്ങൾ നടന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
പണം എണ്ണിത്തീർത്ത് പുറത്തുപോകുന്ന ജീവനക്കാരെ സുരക്ഷാ ജീവനക്കാർ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല. ഈ സുരക്ഷാവീഴ്ചയാണ് പ്രതികൾക്ക് തുണയായത്. ഭക്തർ ഭണ്ഡാരത്തിലിട്ട സ്വർണ്ണക്കമ്മലുകൾ, മൂക്കുത്തികൾ, വളകൾ, പാദസരങ്ങൾ എന്നിവയും ഇവർ മോഷ്ടിച്ചിട്ടുണ്ട്. തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്മാർ ടിന്നു യാദവും സുഭാഷ് ശ്രീവാസ്തവയുമാണ്.
സുഭാഷ് ശ്രീവാസ്തവയാണ് മറ്റുള്ളവരെ ഈ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്തതും ഡ്യൂട്ടികൾ നിശ്ചയിച്ചതും. അറസ്റ്റിലായ പ്രതികളിൽ ഒരാളായ അവിനാഷ് ശുക്ല മോഷ്ടിച്ച പണം സ്വന്തം ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത്. മറ്റൊരാളുടെ വീട്ടിൽ നിന്ന് 10 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ചില ബാങ്ക് ഉദ്യോഗസ്ഥരുടെ പേരുകളും പുറത്തുവന്നിട്ടുണ്ട്.
ക്ഷേത്രത്തിൽ നിന്ന് ഏതാണ്ട് 7 മുതൽ 7.5 കോടി രൂപ വരെ നഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്കുകൾ. ഇതുവരെ 70 ലക്ഷത്തോളം രൂപ മാത്രമാണ് തിരിച്ചുപിടിക്കാനായത്. സുരക്ഷാ പ്രോട്ടോക്കോളുകൾ വെറും കടലാസിൽ മാത്രമായിരുന്നെന്നും മുൻകാല ഓഡിറ്റ് റിപ്പോർട്ടുകളിലെ അപാകതകൾ ട്രസ്റ്റ് ബോധപൂർവ്വം അവഗണിച്ചതായും എസ്ഐടി പറയുന്നു. കേസിൽ കൂടുതൽ സർക്കാർ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.










0 comments