ad
Deshabhimani

ഇടഞ്ഞ് ഇറാൻ; യുഎസ് - ജിസിസി സംയുക്ത പ്രസ്താവന തള്ളി

Iran
വെബ് ഡെസ്ക്

Published on Jun 26, 2026, 04:53 PM | 2 min read

മനാമ: അമേരിക്കയും ഗൾഫ് സഹകരണ കൗൺസിലും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഇറാൻ. പ്രസ്താവനയിലെ പരാമർശങ്ങൾ പരമാധികാരത്തിലുള്ള ഇടപെടലും ഉത്തരവാദിത്തമില്ലാത്തതും പ്രകോപനപരവുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.


ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെയും ജിസിസി വിദേശകാര്യ മന്ത്രിമാരുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതികരണം.


ഗൾഫ് മേഖലയിലെ അമേരിക്കൻ സൈന്യത്തിന്റെ സാന്നിധ്യം സുരക്ഷ ഉറപ്പാക്കുന്നതിന് പകരമായി പ്രാദേശിക രാജ്യങ്ങൾക്ക് ഒരു 'ബാധ്യത'യായി മാറിയിരിക്കുകയാണെന്നും, ഇത് മേഖലയിൽ അരക്ഷിതാവസ്ഥയും ഭിന്നതയും സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും വ്യക്തമാക്കി. ജിസിസി രാജ്യങ്ങളുടെ സുരക്ഷയോടുള്ള അമേരിക്കയുടെ "സ്ഥിരമായ പ്രതിബദ്ധത" വെറും കാപട്യമാണെന്നും യാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കുന്നതാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.


പ്രാദേശിക സുരക്ഷ ഉറപ്പാക്കേണ്ടത് അയൽരാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെയാണ്, അല്ലാതെ പുറത്തുനിന്നുള്ള ശക്തികളുടെ ഇടപെടലിലൂടെയല്ല. ഗൾഫ് മേഖലയിലെ തങ്ങളുടെ സൈനിക താവളങ്ങളെ ഇറാനെതിരായ നീക്കങ്ങൾക്കായി അമേരിക്ക ഉപയോഗിക്കുകയാണെന്നും പ്രതികരിച്ചു.


അന്താരാഷ്ട്ര ഊർജ്ജ ഗതാഗതത്തിന്റെ നിർണായക പാതയായ ഈ മേഖലയുടെ സുരക്ഷയും നിയന്ത്രണവും ഇറാൻ, ഒമാൻ തുടങ്ങിയ പ്രാദേശിക രാജ്യങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും, ഇതിൽ ബാഹ്യശക്തികളുടെ ഇടപെടൽ അനുവദിക്കില്ലെന്നും ആവർത്തിച്ചു.


ജിസിസി സഖ്യത്തിനും മുന്നറിയിപ്പ്


ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോൺ പ്രോഗ്രാമുകൾ, ആണവ പദ്ധതികൾ എന്നിവ മേഖലയ്ക്ക് ഭീഷണിയാണെന്ന് യുഎസും ജിസിസിയും ആരോപിച്ചിരുന്നു. ഇറാനുമായുള്ള ഭാവി വ്യാപാര-നിക്ഷേപ സഹകരണങ്ങൾ ഇറാൻ ഈ കരാർ എത്രത്തോളം പാലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അവർ വ്യക്തമാക്കി.


എന്നാൽ, തങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെ ഭീഷണിയായി ചിത്രീകരിക്കുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്ന് ഇറാൻ പ്രതികരിച്ചു. യുഎസ് ഗൾഫ് രാജ്യങ്ങളെ ഒരു ആയുധപ്പന്തയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും, ആണവായുധങ്ങളില്ലാത്ത പശ്ചിമേഷ്യക്കായി ജിസിസി രാജ്യങ്ങൾ ഇറാനൊപ്പം നിൽക്കണമെന്നും ആവശ്യപ്പെട്ടു.


ഇനിയും പൂര്‍ത്തിയാവാത്ത കരാര്‍


ഫെബ്രുവരി 28 മുതൽ ഏപ്രിൽ 8 വരെ നീണ്ടുനിന്ന യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ജൂൺ 17-ന് ഒപ്പുവെച്ച കരാർ നടപ്പാക്കുന്നതിനുള്ള 60 ദിവസത്തെ കരാര്‍ ഇനിയും ചര്‍ച്ചകളിൽ തുടരുന്നതിനിടെയാണ് ഇറാൻ നിലപാട് കടുപ്പിക്കുന്നത്. യുദ്ധം അവസാനിച്ചെങ്കിലും, പശ്ചിമേഷ്യയിലെ സുരക്ഷാ മേൽക്കോയ്മയും സാമ്പത്തിക ഉപരോധങ്ങളും സംബന്ധിച്ച് ഇരുപക്ഷവും തമ്മിലുള്ള നയതന്ത്ര പോരാട്ടം രൂക്ഷമാവുകയാണ്. ഇതിനിടെ ലെബനനിൽ രൂക്ഷമായ ആക്രമണം നടത്തി യുദ്ധ സമാധാന ശ്രമങ്ങളെ തകര്‍ക്കാൻ ഇസ്രയേലും രംഗത്ത് തുടരുകയാണ്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home