കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ: ബിഹാറിൽ ആറുമാസം പ്രായമുള്ള മകളുടെ കഴുത്തറുത്ത് അമ്മ

ബെട്ടിയ: ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിലിൽ പ്രകോപിതയായി അമ്മ കുഞ്ഞിന്റെ കഴുത്തറുത്തു കൊലപ്പെടുത്തി. ഇതിന് പിന്നാലെ ഇതേ ആയുധം ഉപയോഗിച്ച് യുവതി സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്കും ശ്രമിച്ചു.
ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിലെ ഗോപാൽപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബർക്ക ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ക്രൂരസംഭവം അരങ്ങേറിയത്. പൂജ കുമാരി എന്ന ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞാണ് കൊല്ലപ്പെട്ടത്.
കുഞ്ഞിന്റെ പിതാവ് സുനിൽ ദാസ് ചണ്ഡീഗഢിൽ കരാർ തൊഴിലാളിയാണ്. സംഭവസമയം സുനിലിന്റെ ഭാര്യ സീമാ ദേവിയും കുഞ്ഞും സുനിലിന്റെ മാതാവ് സരസ്വതി ദേവിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രിയിൽ മുറിയിൽ നിന്ന് പെട്ടെന്ന് നിലവിളി ശബ്ദം കേട്ടാണ് മുത്തശ്ശി സരസ്വതി ദേവി ഓടിയെത്തിയത്.
വാതിൽ തുറന്നപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന കുഞ്ഞിനെയുടം, അരിവാൾ ഉപയോഗിച്ച് സ്വന്തം കഴുത്തറുക്കാൻ ശ്രമിക്കുന്ന മരുമകൾ സീമാ ദേവിയെയുമാണ്. സരസ്വതി ദേവി ഉടൻ തന്നെ സീമയുടെ കൈയിൽ നിന്ന് അരിവാൾ പിടിച്ചുവാങ്ങുകയും ബഹളം വെച്ച് നാട്ടുകാരെ കൂട്ടുകയുമായിരുന്നു.
തുടർന്ന് വിവരമറിഞ്ഞ് ഗോപാൽപൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ അങ്കിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പൊലീസ് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ സീമാ ദേവിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നതായും തുന്നലുകൾ ഇടേണ്ടി വന്നതായും ഡോക്ടർമാർ അറിയിച്ചു. മുത്തശ്ശി സരസ്വതി ദേവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ പൊലീസ് സീമാ ദേവിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കൊലപാതകത്തിന് ഉപയോഗിച്ച അരിവാൾ പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ഇവർക്ക് കടുത്ത മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് സൂചനയെന്ന് എസ്എച്ച്ഒ അങ്കിത് കുമാർ വ്യക്തമാക്കി. എങ്കിലും വിശദമായ വൈദ്യപരിശോധനയ്ക്കും ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ടുകൾ ലഭിച്ചതിനും ശേഷം മാത്രമേ ഇതിൽ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് അറിയിച്ചു.










0 comments