ഡൽഹിയിൽ സെപ്റ്റിക് ടാങ്കിലെ വിഷവാതകം ശ്വസിച്ച് മൂന്ന് ശുചീകരണ തൊഴിലാളികൾ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ച് മൂന്ന് ശുചീകരണ തൊഴിലാളികൾ മരിച്ചു. സുൽത്താൻപുരി സ്വദേശികളായ അരുൺ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഡൽഹിയിലെ മുണ്ട്കയിലാണ് അപകടം.
ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് മുണ്ട്ക ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനായി ശുചീകരണത്തൊഴിലാളി ഇറങ്ങിയത്. ടാങ്കിലെ വിഷവാതകം ശ്വസിച്ച് തൊഴിലാളി ബോധരഹിതരായി. ഇയാളെ രക്ഷിക്കാനായാണ് മറ്റ് രണ്ട് തൊഴിലാളികൾ കൂടി ടാങ്കിൽ ഇറങ്ങിയത്. ഇവരും കുഴഞ്ഞുവീണതോടെ ഡൽഹി അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു.
കനത്ത ഗതാഗതക്കുരുക്ക് കാരണം അഗ്നിരക്ഷാ സേനയ്ക്ക് സ്ഥലത്തെത്താൻ സാധിക്കാതായതോടെ രക്ഷാപ്രവർത്തനം വൈകി. പിന്നീട് എതിർദിശയിൽ നിന്ന് മറ്റൊരു വാഹനം അയച്ച് അഗ്നിശമന സേനാംഗങ്ങൾ മൂവരെയും ടാങ്കിൽ നിന്ന് പുറത്തെടുത്തു. എന്നാൽ എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചു. സംഭവം നടന്ന സ്ഥലത്ത് എസ്ഡിഎമ്മിനെ വിളിച്ചുവരുത്തുകയും ഡിഡിഎംഎയെ വിവരമറിയിക്കുകയും ചെയ്തു. തുടർനടപടികൾ പുരോഗമിക്കുന്നു.










0 comments