ഇൗ ഒപ്പനയ്‌ക്ക് ചേല് കൂടുതലാണ്

കണ്ണൂർ: തോട്ടട ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ നടക്കുന്ന സംസ്ഥാന ഇന്റർ പോളി കലോത്സവത്തിലെ ഒപ്പന മത്സരത്തിൽ പങ്കെടുക്കുന്ന കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിന്റെ ഒപ്പന ടീമിന് ചേലിത്തിരി കൂടുതലാണ്. കോളേജിലെ കമ്പ്യൂട്ടർ എൻജിനീയറിങ് (ഹിയറിങ് ഇംപയേർഡ് എച്ച്എ) ബാച്ചിലെ മൂന്ന് പെൺകുട്ടികൾ ഒപ്പനയിൽ പങ്കെുക്കുന്നുണ്ടെന്നതാണ് മാറ്റുകൂട്ടുന്നത്. 
ഒപ്പന ടീമിലെബി ഫാത്തിമ നൂർബിയ, ടി മേഘ, അഷിക ഇവർ മൂവരും ബധിരരും മൂകരുമാണ്. കഴിഞ്ഞ തവണ അടൂർ മണക്കാല പോളിടെക്നിക് കോളേജിൽ നടന്ന ഇന്റർ പോളിടെക്നിക് സംസ്ഥാന കലോത്സവത്തിലാണ് ആദ്യമായി ഇവർ പങ്കെടുക്കുന്നത്. അന്ന് എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. ആ മത്സരത്തിൽ ഗായികമാരായ മൂന്നുപേരൊഴിച്ച് മറ്റുള്ളവരെല്ലാം ബധിരരും മൂകരുമായിരുന്നു. അന്ന് ആദ്യ മത്സരത്തിന്റെ ടെൻഷനായിരുന്നെങ്കിൽ ഇന്ന് കൂടുതൽ വിജയങ്ങൾ കരസ്ഥമാക്കാനുള്ള ആവേശമാണ്.
2021ലാണ് വെസ്‌റ്റ് ഹിൽ പോളിയിൽ 15 സീറ്റുമായി എച്ച്എ വിഭാഗം ബാച്ച് ആരംഭിക്കുന്നത്. നിലവിൽ 49 ഓളം കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്. ദ്വിഭാഷിയായ അശ്വിനി ടീച്ചറാണ് കുട്ടികൾക്ക് എല്ലാ പിന്തുണയും നൽകി കൂടെയുള്ളത്. ‘മറ്റ് കുട്ടികളെ പോലെ, ഒരുപക്ഷേ അവരേക്കാൾ വേഗത്തിൽ ഒപ്പന ഇവർ പഠിച്ചെടുക്കുമെന്ന്’ നൃത്താധ്യാപകനായ ഷിഹാബ് സമീൻ വടകരയും മറ്റ് ടീമംഗങ്ങളും ഒരുപോലെ പറയുന്നു.










0 comments