കൊച്ചി മെട്രോയ്ക്ക് ആഗോള അംഗീകാരം; അന്താരാഷ്ട്ര ഇംപാക്ട് അവാർഡ് 2026 സ്വന്തമാക്കി കെഎംആർഎൽ

കൊച്ചി: പൊതുഗതാഗത രംഗത്തെ മികവിനുള്ള ഏറ്റവും ഉയർന്ന അന്താരാഷ്ട്ര പുരസ്‌കാരങ്ങളിലൊന്നായ യുഐടിപി ഇംപാക്ട് അവാർഡ് 2026 സ്വന്തമാക്കി കൊച്ചി മെട്രോ. വിവിധ ഗതാഗത സംവിധാനങ്ങളെ കോർത്തിണക്കിക്കൊണ്ട് കൊച്ചിയിൽ നടപ്പിലാക്കിയ നൂതന മൾട്ടിമോഡൽ ഇന്റഗ്രേഷൻ (വിവിധ യാത്രാമാർഗ്ഗങ്ങളുടെ സംയോജനം) പദ്ധതിക്കാണ് ഈ ആഗോള അംഗീകാരം ലഭിച്ചത്.
ബെൽജിയത്തിലെ ബ്രസൽസിൽ ജൂൺ 23-ന് നടന്ന ചടങ്ങിൽ പൊതുഗതാഗത രംഗത്തെ ആഗോള സംഘടനയായ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്‌പോർട്ട് പുരസ്‌കാരം സമ്മാനിച്ചു. ലോകമെമ്പാടുമുള്ള മികച്ചതും പരിസ്ഥിതി സൗഹൃദപരവുമായ പൊതുഗതാഗത മാതൃകകളെയാണ് ഈ അവാർഡിനായി പരിഗണിക്കാറുള്ളത്.
'കൊച്ചി മെട്രോ റെയിൽ: എ സസ്‌റ്റൈനബിൾ മൾട്ടി മോഡൽ ഇന്റഗ്രേഷൻ പ്രൊജക്റ്റ് ഫോർ ബെറ്റർ കണക്റ്റിവിറ്റി' എന്ന പേരിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സമർപ്പിച്ച പദ്ധതിക്കാണ് പുരസ്‌കാരം. റെയിൽ ശൃംഖലയെയും കായലുകളിലൂടെയുള്ള വാട്ടർ മെട്രോ ഇലക്ട്രിക് ബോട്ട് സർവീസുകളെയും ഒരൊറ്റ ശൃംഖലയിലേക്ക് കൊണ്ടുവന്നു.
മെട്രോ സ്റ്റേഷനുകളിൽ നിന്ന് യാത്രാ സൗകര്യം സുഗമമാക്കാൻ ഇലക്ട്രിക് ഫീഡർ ബസുകൾ ലഭ്യമാക്കി. കാൽനടയാത്രക്കാർക്കുള്ള ആധുനിക നടപ്പാതകളും നഗരത്തിൽ പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുള്ള സൈക്കിൾ ഷെയറിംഗ് സംവിധാനവും ഒരുക്കി.
ഇവയെല്ലാം ഒരുമിച്ച് ഏകോപിപ്പിക്കുന്ന ഡിജിറ്റൽ മൊബിലിറ്റി ആപ്പുകളും സേവനങ്ങളും യാത്രാനുഭവം എളുപ്പമാക്കി എന്നിങ്ങനെയുള്ള സവിശേഷതകളാണ് കെഎംആർഎലിനെ പുരസ്‌കാരത്തിന് അർഹമാക്കിയത്.










0 comments