ഓർമകളെ കരുത്താക്കി യാൻ ഡിയോമൺഡെ; ലോകകപ്പ് വേദിയിൽ അനുജത്തിക്കായി പോരാടുന്ന ഐവറി കോസ്റ്റ് താരം

യാൻ ഡിയോമൺഡെ |Photo: Yahoo Sports
തിരുവനന്തപുരം : ലോകകപ്പ് വേദിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് ഐവറി കോസ്റ്റിന്റെ പത്തൊൻപതുകാരൻ യാൻ ഡിയോമൺഡെ. ഒരു വർഷം മുൻപ് സഹോദരി റൊക്‌സാനെയെ നഷ്ടപ്പെട്ടതിന്റെ തീരാവേദന പേറുന്ന ഈ കൗമാരക്കാരൻ, ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്. ഒരു പാർട്ടിയിൽ വെച്ച് അപരിചിതൻ നൽകിയ വിഷം ഉള്ളിൽച്ചെന്നാണ് പതിനഞ്ചുകാരിയായ റൊക്‌സാനെ മരിച്ചത്.
ആർബി ലെയ്പ്‌സിഗിനായി നടത്തിയ തകർപ്പൻ പ്രകടനമാണ് ഈ സൂപ്പർ വിങ്ങറെ ദേശീയ ടീമിലെത്തിച്ചത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ മികച്ച താരമായി മാറിയ യാൻ, ജർമ്മനിക്കെതിരായ നിർണായക പോരാട്ടത്തിന് ഇറങ്ങുന്നത് വലിയൊരു ലക്ഷ്യവുമായാണ്. ഈ കളി ജയിച്ചാൽ ഐവറി കോസ്റ്റിന് ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ നോക്കൗട്ടിലെത്താം. താൻ നേടിയ നേട്ടങ്ങൾ അനിയത്തിയോട് നേരിട്ട് പറയാൻ അവൾ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് പ്ലേയേഴ്‌സ് ട്രിബ്യൂണിലൂടെ യാൻ കുറിച്ചത് ഫുട്ബോൾ ലോകത്തെയാകെ കണ്ണീരിലാഴ്ത്തി.
കഠിനമായ പ്രതിസന്ധികളിലൂടെയാണ് യാൻ കടന്നുവന്നത്. യുഎസിലെ ക്ലബ്ബുകളിൽ ട്രയൽസിൽ പങ്കെടുത്തുവെങ്കിലും കരാർ ലഭിക്കാതെ മടങ്ങേണ്ടി വന്നതായിരുന്നു ആദ്യ തിരിച്ചടി.എന്നാൽ, സ്പാനിഷ് ക്ലബ്ബ് ലെഗാനസിലൂടെ വളർന്ന് ജർമ്മൻ വമ്പന്മാരായ ആർബി ലെയ്പ്‌സിഗിൽ എത്തിയതോടെ യാനിന്റെ കരിയർ തന്നെ മാറി. പരിശീലകൻ യുർഗൻ ക്ലോപ്പിനെപ്പോലും അത്ഭുതപ്പെടുത്തിയ താരം, ജർമ്മൻ ലീഗിലെ ആദ്യ സീസണിൽ 12 ഗോളുകളും 8 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്. ലിവർപൂളും പിഎസ്ജിയും 100 മില്യൺ യൂറോ വിലമതിക്കുന്ന ഈ താരത്തിനായി ഇപ്പോൾ പിന്നാലെയുണ്ട്.
ലെയ്പ്‌സിഗിലെ തന്റെ ക്യാപ്റ്റനും ജർമ്മനിയുടെ ലെഫ്റ്റ് ബാക്കുമായ ഡേവിഡ് റൗമിനെതിരെയാണ് യാൻ ഈ ലോകകപ്പ് വേദിയിൽ നേർക്കുനേർ വരുന്നത്. അനിയത്തിക്ക് നൽകിയ വാക്ക് പാലിച്ചുകൊണ്ട്, ഒരു ലോകകപ്പ് വിജയം കൂടി അവൾക്കായി സമർപ്പിക്കാനാണ് ഈ ഐവറി കോസ്റ്റ് സിംഹം ബൂട്ടുകെട്ടുന്നത്.










0 comments