ad
Deshabhimani

ഡൽഹിയിൽ 'ബേബി ബസാർ'; ആൺകുട്ടികൾക്ക് 8 ലക്ഷം പെൺകുട്ടികൾക്ക് പാതിവില: കുട്ടിക്കടത്ത് സംഘം പിടിയിൽ

DELHI CHILD TRAFFICKING
വെബ് ഡെസ്ക്

Published on Jun 20, 2026, 04:44 PM | 2 min read

ന്യൂഡൽഹി: ഡൽഹിയിൽ പണം വാങ്ങി കുഞ്ഞുങ്ങളെ വിൽക്കുന്ന റാക്കറ്റ് പിടിയിൽ. അഞ്ച് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അന്തർസംസ്ഥാന കുട്ടിക്കടത്ത് സംഘത്തെയാണ് ഡൽഹി പൊലീസ് പിടികൂടിയത്. ഡോക്ടർ ഉൾപ്പെടെ 13 പേരാണ് അറസ്റ്റിലായത്. കുട്ടിക്കടത്ത് ശൃംഖലയുടെ പ്രധാന കോർഡിനേറ്റർ ജ്യോതി, കുഞ്ഞുങ്ങളെ എത്തിച്ചിരുന്ന വിതരണക്കാരൻ സയ്ബാഭായ് ഘമർ, ബീഗംപൂരിലെ ഹീര മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഉടമ ഡോ. വിവേകി എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. സംഘത്തിൽ നിന്നും 5 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി.


രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ദരിദ്ര കുടുംബങ്ങളിൽ നിന്ന് 4-5 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുക്കളെ വാങ്ങിയോ മോഷ്ടിച്ചോ, ഡൽഹി, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് ലക്ഷങ്ങൾക്ക് വിൽക്കുകയായിരുന്നു ഇവരുടെ രീതി. സെൻട്രൽ ഡൽഹിയിലെ പഹർഗഞ്ചിൽ സംശയകരമായ സാഹചര്യത്തിൽ ഒരു സ്ത്രീയെ വ്യത്യസ്ത കുഞ്ഞുങ്ങളുമായി കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ജൂൺ 5ന് ഡൽഹി പഹർഗഞ്ചിലെ ആർകെ ആശ്രമം മെട്രോ സ്റ്റേഷന് സമീപം ഉപഭോക്താക്കളെന്ന വ്യാജേന പൊലീസ് നടത്തിയ ഓപ്പറേഷനിലൂടെയാണ് സംഘത്തിലേക്ക് പൊലീസ് എത്തുന്നത്.


കുഞ്ഞിനെ കൈമാറുന്നതിനിടെ ജ്യോതി അറസ്റ്റിലായി. തുടർന്ന് ഷാലു, ലളിത് എന്നീ പ്രതികളിലേക്കും പൊലീസ് എത്തി. ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഈ മാഫിയ പ്രവർത്തിച്ചിരുന്നത്. വിവിധയിടങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ വാങ്ങി, വ്യാജ ജനന-മെഡിക്കൽ രേഖകൾ ചമച്ചാണ് കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിറ്റിരുന്നത്. ബീഗംപൂരിലെ ഹീര മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി കേന്ദ്രീകരിച്ചാണ് അനധികൃത ദത്തെടുക്കലുകൾ നടന്നിരുന്നത്. കടത്തിയ കുഞ്ഞുങ്ങൾക്ക് അഭയം നൽകാനും വ്യാജ രേഖകൾ ഉണ്ടാക്കാനും ഡോ. വിവേകി സഹായിച്ചിരുന്നു.


20,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ വിലയ്ക്ക് വാങ്ങുന്ന കുഞ്ഞുങ്ങളെ വലിയ തുകയ്ക്കാണ് മറിച്ചു വിറ്റിരുന്നത്. ആൺകുട്ടികൾക്ക് 7 മുതൽ 8 ലക്ഷം രൂപ വരെയും, പെൺകുട്ടികൾക്ക് 3 മുതൽ 4 ലക്ഷം രൂപ വരെയുമായിരുന്നു ഈടാക്കിയിരുന്നത്.


പാനിപ്പത്ത്, ഗ്വാളിയോർ എന്നിവിടങ്ങളിൽ നിന്നും നാല് കുട്ടികളെ കണ്ടെത്തി. രക്ഷപ്പെടുത്തിയ അഞ്ച് കുട്ടികളിൽ നാല് പേർ ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണെന്ന് കരുതപ്പെടുന്നു. കുട്ടികളെ നിലവിൽ ശിശുക്ഷേമ സമിതിയുടെ (CWC) സംരക്ഷണയിലാക്കിയിരിക്കുകയാണ്. കുഞ്ഞുങ്ങളുടെ യഥാർഥ മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home