ad
Deshabhimani

പുരുഷ താരങ്ങളെയും പിന്നിലാക്കി ഹർമൻപ്രീത് കൗർ ചരിത്രത്തിലേക്ക്; നാളെ 200-ാം ട്വന്റി 20 മത്സരം

harman preet kaur 200 t20

Photo Credit:ICC

വെബ് ഡെസ്ക്

Published on Jun 20, 2026, 05:01 PM | 2 min read

മാഞ്ചസ്റ്റർ: അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആർക്കും ഇതുവരെ സ്വന്തമാക്കാൻ കഴിയാത്ത ഒരു സുവർണ്ണ നാഴികക്കല്ല് കുറിക്കാൻ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഒരുങ്ങുന്നു.


വനിതാ ട്വന്റി 20 ലോകകപ്പിൽ ഞായറാഴ്ച മാഞ്ചസ്റ്ററിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പോരാട്ടത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 200 ട്വന്റി-20 മത്സരങ്ങൾ തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ ക്രിക്കറ്റ് താരമെന്ന റെക്കോർഡ് ഹർമൻപ്രീത് കൗർ സ്വന്തമാക്കും.


മാഞ്ചസ്റ്ററിൽ ഇന്ത്യൻ സമയം രാത്രി 7:00 മണിക്കാണ് ഈ ആവേശപ്പോരാട്ടം ആരംഭിക്കുന്നത്. പുരുഷ-വനിതാ ക്രിക്കറ്റ് ചരിത്രത്തിൽ ഇന്നേവരെ മറ്റൊരു താരവും ഈ നേട്ടത്തിൽ എത്തിയിട്ടില്ല.


നിലവിൽ 199 അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 4,123 റൺസാണ് ഹർമൻപ്രീതിന്റെ സമ്പാദ്യം. നേരത്തെ ലോക ക്രിക്കറ്റിൽ ആദ്യമായി 150 ട്വന്റി-20 മത്സരങ്ങൾ തികച്ച താരമെന്ന റെക്കോർഡും ഹർമൻപ്രീത് കൗർ തന്നെയാണ് കുറിച്ചത്.


മത്സരങ്ങളുടെ എണ്ണത്തിൽ വനിതാ ആധിപത്യം, പുരുഷന്മാർ ഏറെ പിന്നിൽ


ക്രിക്കറ്റ് ലോകത്ത് പലപ്പോഴും പുരുഷ ക്രിക്കറ്റിന് വലിയ മാധ്യമശ്രദ്ധ ലഭിക്കാറുണ്ടെങ്കിലും, ട്വന്റി-20 ഫോർമാറ്റിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളെല്ലാം പുരുഷ താരങ്ങൾക്കും മുൻപേ എത്തിപിടിച്ചത് വനിതാ താരങ്ങളാണ്. വനിതാ ക്രിക്കറ്റിൽ ഹർമൻപ്രീത് കൗർ 200-ാം മത്സരത്തിലേക്ക് കടക്കുമ്പോൾ, ന്യൂസിലൻഡിന്റെ സൂസി ബേറ്റ്സ് (184 മത്സരങ്ങൾ), ഇംഗ്ലണ്ടിന്റെ ഡാനി വ്യാറ്റ് (182 മത്സരങ്ങൾ) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.


എന്നാൽ പുരുഷ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച അയർലൻഡിന്റെ പോൾ സ്റ്റിർലിംഗ് പോലും (163 മത്സരങ്ങൾ)വനിതാ താരങ്ങളേക്കാൾ മത്സരങ്ങളുടെ എണ്ണത്തിൽ ഏറെ പിന്നിലാണ്.


റൺസ് വേട്ടയിലും വനിതകളുടെ പടയോട്ടം


ട്വന്റി 20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടിക പരിശോധിച്ചാലും വനിതകൾ തന്നെയാണ് മുൻപന്തിയിൽ. 4,739 റൺസുമായി ന്യൂസിലൻഡിന്റെ സൂസി ബേറ്റ്സാണ് ലോക റെക്കോർഡുമായി ഏറ്റവും മുന്നിലുള്ളത്. ഇന്ത്യയുടെ സൂപ്പർ താരം സ്മൃതി മന്ദാന 168 മത്സരങ്ങളിൽ നിന്ന് 4,475 റൺസുമായി തൊട്ടുപിന്നിലുണ്ട്.


പുരുഷ ക്രിക്കറ്റിലേക്ക് വരുമ്പോൾ പാകിസ്താന്റെ ബാബർ അസം (4,596 റൺസ്), ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മ (4,231 റൺസ്) എന്നിവരാണ് റൺസ് വേട്ടയിൽ മുന്നിലുള്ളതെങ്കിലും വനിതാ താരങ്ങളുടെ റെക്കോർഡിന് താഴെയാണ് ഇവരുടെ സ്ഥാനം.


ആദ്യ മത്സരവും വനിതകളുടെ പേരിൽ


ലോകത്തിലെ ഏറ്റവും ആദ്യത്തെ അന്താരാഷ്ട്ര ട്വന്റി 20 മത്സരം കളിച്ചതും വനിതാ താരങ്ങൾ തന്നെയായിരുന്നു. 2004 ഓഗസ്റ്റ് 5-ന് ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലായിരുന്നു ആ ചരിത്ര മത്സരം. ഇതിന് ആറ് മാസങ്ങൾക്ക് ശേഷം, 2005 ഫെബ്രുവരി 17-ന് മാത്രമാണ് പുരുഷന്മാരുടെ ആദ്യ ട്വന്റി 20 മത്സരം (ന്യൂസിലൻഡ് ഓസ്‌ട്രേലിയ) നടക്കുന്നത്.


ശനിയാഴ്ച നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം എലീസ് പെറി ട്വന്റി 20 ലോകകപ്പ് ചരിത്രത്തിൽ 50 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ താരമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഹർമൻപ്രീത് കൗറിലൂടെ ക്രിക്കറ്റ് ലോകം മറ്റൊരു ചരിത്ര മുഹൂർത്തത്തിന് കൂടി സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്.


നിലവിലെ പോയിന്റ് പട്ടികയിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് 4 പോയിന്റും, +3.975 എന്ന മികച്ച റൺ റേറ്റോടെയും ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യൻ വനിതകൾ. തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിലും ഉജ്ജ്വല വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മറുഭാഗത്ത്, കളിച്ച രണ്ട് മത്സരങ്ങളിൽ ഒരെണ്ണത്തിൽ വിജയവും ഒരെണ്ണത്തിൽ തോൽവിയുമായി 2 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്കൻ വനിതകൾ.












deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home