ad
Deshabhimani

വീര്യംകുറഞ്ഞ മദ്യോൽപ്പാദനം ജെന്‍ സിക്ക്‌ വേണ്ടിയോ? സർക്കാരിനെതിരെ കെസിബിസി

Liquor V D Satheesan
വെബ് ഡെസ്ക്

Published on Jun 20, 2026, 06:11 PM | 1 min read

കൊച്ചി: വി ഡി സതീശൻ സര്‍ക്കാരിന്റെ വീര്യംകുറഞ്ഞ മദ്യോൽപ്പാദന പദ്ധതി ജെന്‍ സിക്കു വേണ്ടിയാണോയെന്ന് കെസിബിസി മദ്യവിരുദ്ധസമിതി. മദ്യപാനികളെ സൃഷ്ടിക്കാൻവേണ്ടിയുള്ള നയമാണ്‌ സർക്കാരിന്റേതെന്നും സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പ്രസ്‌താവനയിൽ പറഞ്ഞു.


ജെന്‍ സിക്കും സ്ത്രീശാക്തീകരണത്തിനും വേണ്ടി ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രഖ്യാപിക്കുമ്പോഴും ഈ വിഭാഗക്കാരെ മറ്റൊരുവഴി ചൂഷണം ചെയ്യുന്നത് ഭൂഷണമല്ല. ഈ വിഭാഗക്കാരെ ലഹരി ആസക്തിയില്‍പ്പെടുത്തി അവരുടെ ബലഹീനതയെ ചൂഷണംചെയ്ത് സാമ്പത്തികനേട്ടം ഉണ്ടാക്കാനുള്ള അടവുനയങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. മദ്യത്തിന്റെ കാര്യത്തില്‍ ക്യാരിയേഴ്‌സിനെയും അടിമകളെയും സൃഷ്ടിക്കാനുള്ള നയത്തിലേക്ക് സർക്കാർ കടക്കരുതെന്നും പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.


വീര്യം കുറഞ്ഞ മദ്യമെന്ന പേരിൽ നാട്ടിൽ മുഴുവൻ മദ്യം ഒഴുക്കാനും അതിന് നികുതി ഇളവ് കൊടുക്കാനുമുള്ള തീരുമാനം സമൂഹത്തോടുള്ള കൊടിയ അന്യായത്തിനും വലിയ അഴിമതിക്കുമുള്ള കളം ഒരുക്കിയിരിക്കുകയാണെന്ന് മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചിരുന്നു. വീര്യം കുറഞ്ഞ മദ്യമെന്ന പേരിൽ യുഡിഎഫ് സർക്കാർ ലഭ്യമാക്കുന്നത് സ്പിരിറ്റ് ഉപയോ​ഗിച്ച് നിർമിക്കുന്ന മദ്യമാണ്. 10 ശതമാനം വരെ സ്പിരിറ്റ് ഉപയോ​ഗിച്ചുകൊണ്ട് ഉണ്ടാക്കുന്ന മദ്യത്തിന് 120 ശതമാനമാണ് നികുതി കുറച്ചത്. നിലവിൽ ഇന്ത്യൻ മേയ്ഡ് ഫോറിൻ ലിക്വറിന്റെ നികുതി നിരക്കായി 251 ശതമാനം നികുതി കൊടുക്കണം. ഇതിൽ നിന്നാണ് 120 ശതമാനായി നികുതി കുറച്ചത്. ഒരു കോർപ്പറേറ്റ് കമ്പനിയുടെ ആവശ്യം കൂടിയായിരുന്നു ഈ നികുതിയളവ്. ഇതേ കമ്പനി എൽഡിഎഫ് സർക്കാരിനെയും കണ്ട് സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ അന്ന് സർക്കാർ അതിന് വഴങ്ങിയില്ലെന്നും എം ബി രാജേഷ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home