'മെലോണിയുടെ ഇറ്റലിയിലോ ട്രംപിന്റെ യുഎസിലോ സെൻ്റർ കിട്ടാത്തത് ഭാഗ്യം'; നീറ്റ് പരീക്ഷയിലെ വീഴ്ചയിൽ കേന്ദ്രത്തെ വിമർശിച്ച് എസ്എഫ്ഐ

തിരുവനന്തപുരം : ജൂൺ 21 ന് നീറ്റ് യുജി പുനഃപരീക്ഷ നടക്കാനിരിക്കെ, നാഗ്പൂരിൽ നിന്ന് പരീക്ഷക്ക് അപേക്ഷിച്ച വിദ്യാർഥിക്ക് യുഎഇയിൽ സെന്റർ അനുവദിച്ച സംഭവത്തിൽ, കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശിനവുമായി എസ്എഫ്ഐ.
പ്രധാനമന്ത്രിയുടെ അന്താരാഷ്ട്ര പിടിപാടും സ്വാധീനവും വെച്ച് മെലോണിയുടെ ഇറ്റലിയിലോ ട്രംപിൻ്റെ അമേരിക്കയിലോ സെൻ്റർ കിട്ടാത്തത് ഭാഗ്യമാണെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി ഫേസ്ബുക്കിൽ കുറിച്ചു. പരീക്ഷാ നടത്തിപ്പിൽ തുടർച്ചയായി ഉണ്ടാകുന്ന ഗുരുതരമായ വീഴ്ചകൾ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പൂർണ്ണ പരാജയമാണെന്നും ആദർശ് എം സജി പ്രതികരിച്ചു.
വിശ്വഗുരുവിൻ്റെ കീഴിൽ രാജ്യത്തെ പരീക്ഷാ നടത്തിപ്പ് എത്രത്തോളം "വിശ്വവ്യാപിയായി" മാറിയിരിക്കുന്നു എന്നതിൻ്റെ തെളിവാണ് നാഗപൂരിലെ വിദ്യാർത്ഥിക്ക് നീറ്റ് പരീക്ഷ എഴുതാൻ യുഎഇ യിൽ സെൻ്റർ അനുവദിച്ച സംഭവം. ഇതിലപ്പുറവും നമ്മൾ പ്രതീക്ഷിക്കേണ്ടി വരും എന്നതാണ് ഇന്നത്തെ അവസ്ഥ. പ്രധാനമന്ത്രിയുടെ അന്താരാഷ്ട്ര പിടിപാടും സ്വാധീനവും വെച്ച് നോക്കുമ്പോൾ, മെലോനിയുടെ ഇറ്റലിയിലോ ട്രംപിൻ്റെ അമേരിക്കയിലോ സെൻ്റർ കിട്ടാഞ്ഞത് ആ വിദ്യാർത്ഥിയുടെ ഭാഗ്യം എന്ന് മാത്രമേ പറയാനുള്ളൂ, ആദർശ് കുറിച്ചു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി തുടരാൻ ധർമ്മേന്ദ്ര പ്രധാൻ യോഗ്യനല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും ആദർശ് കൂട്ടിച്ചേർത്തു. മിസ്റ്റർ ധർമ്മേന്ദ്ര പ്രധാൻജി പരീക്ഷാ നടത്തിപ്പിൽ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ഗുരുതരമായ വീഴ്ചകൾ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പൂർണ്ണ പരാജയമാണ് തുറന്നുകാട്ടുന്നത്. ഓരോ നിമിഷവും താങ്കൾ ആ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ കസേരയിൽ ഇരിക്കാൻ ഒട്ടും യോഗ്യനല്ലെന്ന് താങ്കൾ തന്നെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ് - എം സജി ഫേസ്ബുക്കിൽ കുറിച്ചു.










0 comments