നീറ്റ് പരീക്ഷ നടക്കാനിരിക്കെ വീണ്ടും ആത്മഹത്യ; വീഡിയോ ചിത്രീകരിച്ച ശേഷം വിദ്യാർഥി ജീവനൊടുക്കി

ഗാസിയാബാദ്: നീറ്റ് പുനഃപരീക്ഷ ഞായറാഴ്ച നടക്കാനിരിക്കെ രാജ്യത്ത് വീണ്ടു വിദ്യാർഥി ആത്മഹത്യ. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 22കാരനായ മെഡിക്കൽ പ്രവേശന പരീക്ഷാർഥി ജീവനൊടുക്കി. പ്രതാപ് വിഹാറിലെ വിജയ് നഗർ സ്വദേശിയായ ജതിൻ കുമാർ ആണ് മരിച്ചത്. വ്യാഴാഴ്ച അർദ്ധരാത്രി വരെ പഠിച്ചുകൊണ്ടിരുന്ന ജതിനെ വെള്ളിയാഴ്ച പുലർച്ചെയാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സീലിംഗ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് നിഗമനം. കുരുക്ക് പൊട്ടി മൃതദേഹം തറയിൽ കിടക്കുന്ന നിലയിലാണ് പൊലീസ് കണ്ടെത്തിയത്.
മരണത്തിന് തൊട്ടുമുൻപ് ജതിൻ തന്റെ മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പഠനമുറിയിലിരുന്നാണ് വീഡിയോ ചിത്രീകരിച്ചിരുന്നത്. "ഇന്ന് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ആലോചിക്കുന്നു" എന്ന് ജതിൻ വീഡിയോയിൽ പറയുന്നു. ഫാനിലിട്ടിരിക്കുന്ന കുരുക്കിലേക്ക് വിരൽ ചൂണ്ടുന്നതും വീഡിയോയിലുണ്ട്. പരീക്ഷയിൽ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, ജയിച്ചു കഴിഞ്ഞാൽ ആളുകൾ ഈ വീഡിയോ കാണുമെന്നും ജതിൻ ഇതിൽ വ്യക്തമാക്കുന്നുണ്ട്.
സർക്കാർ ഉദ്യോഗസ്ഥനായ പിതാവിന്റെയും വീട്ടമ്മയായ മാതാവിന്റെയും ഏക മകനാണ് ജതിൻ. കണ്ടെടുത്ത വീഡിയോയുടെ ആധികാരികത പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. എസിപി ഉപാസന പാണ്ഡെയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.









0 comments