ad
Deshabhimani

മനുഷ്യവാസം കുറഞ്ഞ ഹിമാലയൻ മേഖലകളിലും മലിനീകരണം: പഠന റിപ്പോർട്ട്

himalaya
വെബ് ഡെസ്ക്

Published on Jun 20, 2026, 07:28 PM | 1 min read

ന്യൂഡൽഹി: മനുഷ്യവാസം കുറഞ്ഞ വിദൂര ഹിമാലയൻ മലനിരകളിൽ പോലും വായു മലിനീകരണം ഭയപ്പെടുത്തുന്ന രീതിയിൽ വർദ്ധിക്കുന്നതായി പഠന റിപ്പോർട്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെകീഴിലുള്ള സ്വയംഭരണ സ്ഥാപനമായ 'ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസി'ലെ ഗവേഷകരാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിലുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മുൻസ്യാരിയിൽ 2022–2023 കാലയളവിൽ നടത്തിയ നിരീക്ഷണത്തിലാണ് കണ്ടെത്തൽ. ഹിമാലയൻ മേഖലയിലെ വായുവിന്റെ ഗുണനിലവാരത്തിൽ വൻ ഇടിവുണ്ടായിട്ടുണ്ടെന്നും ഇത് ദീർഘകാലാടിസ്ഥാനത്തിൽ മനുഷ്യരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.


മുൻസ്യാരിയിലെ വായുവിൽ നോൺ-മീഥെയ്ൻ ഹൈഡ്രോകാർബണുകളുടെ (എൻഎംഎച്ച്സി) സാന്ദ്രതയിൽ പ്രകടമായ മാറ്റങ്ങളാണ് ഗവേഷകർ രേഖപ്പെടുത്തിയത്. ശൈത്യകാലത്തും മഴക്കാലത്തും ഇവിടുത്തെ വായു താരതമ്യേന ശുദ്ധമാണെങ്കിൽ, വസന്തകാലത്തും ശരത്കാലത്തും അന്തരീക്ഷത്തിൽ ഈ മലിനീകരണ വസ്തുക്കളുടെ അളവ് വളരെ കൂടുതലാണ്. വിനോദസഞ്ചാര വാഹനങ്ങളിൽ നിന്നുള്ള പുക, ഫോസിൽ ഇന്ധനങ്ങൾ, എൽപിജി, ഡീസൽ എന്നിവയുടെ അമിത ഉപയോഗം, വ്യവസായശാലകളിൽ നിന്നുള്ള ലായകങ്ങൾ, പ്രാദേശികമായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയാണ് മുൻസ്യാരി പോലുള്ള മലയോര മേഖലയിൽ എൻഎംഎച്ച്സി ഉയരാൻ പ്രധാന കാരണം.


വായുവിലുള്ള ബെൻസീൻ, സൈലീൻ തുടങ്ങിയ അപകടകരമായ സംയുക്തങ്ങൾ ഭൂനിരപ്പിൽ വിഷാംശമുള്ള ഓസോൺ രൂപപ്പെടാൻ കാരണമാകുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഇത് ട്രോപ്പോസ്ഫിയറിലെ കാലാവസ്ഥയെയും മനുഷ്യന്റെ ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്നുണ്ട്. നിലവിൽ പെട്ടെന്നുള്ള ആരോഗ്യപ്രശ്നങ്ങൾ കുറവാണെങ്കിലും, വായുവിലെ ബെൻസീനുമായി ദീർഘകാലം സമ്പർക്കം പുലർത്തുന്നത് കാൻസർ പോലുള്ള മാരക രോഗങ്ങൾ വരാനുള്ള സാധ്യത വൻതോതിൽ വർദ്ധിപ്പിക്കും.


നിലവിലെ കണക്കുകൾ പ്രകാരം മലിനീകരണ തോത് കൂടിയ നൈനിറ്റാളിനേക്കാൾ ഉയർന്ന നിരക്കാണ് ഇപ്പോൾ മുൻസ്യാരിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഡൽഹി, ഹൽദ്വാനി തുടങ്ങിയ വൻനഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടുത്തെ അന്തരീക്ഷ മലിനീകരണം കുറവാണ്. എങ്കിലും, അതീവ പരിസ്ഥിതിലോലമായ ഹിമാലയൻ മലനിരകളിലേക്ക് മലിനീകരണം അതിവേഗം പടരുന്ന സാഹചര്യത്തിൽ, ഈ പ്രദേശങ്ങളിൽ നിരന്തരമായ വായു നിരീക്ഷണ സംവിധാനങ്ങളും പ്രത്യേക നിയന്ത്രണ പദ്ധതികളും അടിയന്തരമായി നടപ്പിലാക്കണമെന്ന് ഗവേഷകർ ഓർമ്മിപ്പിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home