വെടിനിർത്തൽ കരാർ ലംഘിച്ചു; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

ഹോർമുസ് കടലിടുക്ക്
തെഹ്‌റാൻ : അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതായി ആരോപിച്ച് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിർത്തിവെച്ചതായി ഇറാന്റെ ഉന്നത സംയുക്ത സൈനിക കമാൻഡായ ഖതം അൽ-അൻബിയ അറിയിച്ചു. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആഗോള ഇന്ധന വിപണിയിൽ നിർണായകമായ ഹോർമുസ് കടലിടുക്കിലെ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. ദക്ഷിണ ലെബനനിലെ വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടുള്ള തുടർച്ചയായ നടപടികളാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഇറാന്റെ സൈനിക ആസ്ഥാനം വ്യക്തമാക്കി. ഇത് ആദ്യഘട്ടം മാത്രമാണെന്നും ആക്രമണങ്ങൾ തുടരുകയാണെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
അതേസമയം, ആണവ കരാർ സംബന്ധിച്ച ചർച്ചകൾക്കായി ഇറാൻ പ്രതിനിധികൾ സ്വിറ്റ്സർലൻഡിലേക്ക് തിരിച്ചതായി വിദേശകാര്യ മന്ത്രാലയം വക്താവ് എസ്മയിൽ ബഗായ് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായാണ് ചർച്ച. വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ചർച്ചകൾ വീണ്ടും സജീവമായിട്ടുണ്ടെങ്കിലും, കരാറിന്റെ നടത്തിപ്പ് ഘട്ടമാണ് യഥാർത്ഥ പരീക്ഷണമെന്ന് ബഗായ് അഭിപ്രായപ്പെട്ടു.









0 comments