അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ; മൂന്നാം ഏകദിനത്തിൽ 9 വിക്കറ്റ് ജയം

Photo Credit:BCCI
ചെന്നൈ: ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിന് തകർത്ത് ഇന്ത്യ ഏകദിന പരമ്പര നേടി . ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം, 128 പന്തുകൾ ബാക്കിനിൽക്കെ വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു.
തകർപ്പൻ സെഞ്ച്വറിയോടെ പുറത്താകാതെ നിന്ന യശസ്വി ജയ്‌സ്വാളും അർദ്ധസെഞ്ച്വറി നേടിയ രോഹിത് ശർമ്മയുമാണ് ഇന്ത്യൻ ജയം വേഗത്തിലാക്കിയത്.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 44.2 ഓവറിൽ 218 റൺസിന് എല്ലാവരും പുറത്തായിരുന്നു. പവർപ്ലേയിൽ 23 റൺസിന് 5 വിക്കറ്റുകൾ വീഴ്ത്തി കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണയാണ് അഫ്ഗാൻ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്.
ഒരു ഘട്ടത്തിൽ 36 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ തകർന്ന അഫ്ഗാനിസ്ഥാനെ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിയും അസ്മത്തുള്ള ഒമർസായിയും (50) ചേർന്ന് 105 റൺസിന്റെ കൂട്ടുകെട്ടിലൂടെ രക്ഷിക്കുകയായിരുന്നു. കടുത്ത ചൂടിനോട് പോരാടി 131 പന്തിൽ 102 റൺസ് നേടി ഷാഹിദി പുറത്തായതോടെ അഫ്ഗാൻ ഇന്നിങ്സിന് അവസാനിച്ചു.
മറുപടി ബാറ്റിംഗിൽ അഫ്ഗാൻ ക്യാപ്റ്റൻ പിച്ചിന്റെ ഡേഞ്ചർ ഏരിയയിലൂടെ ഓടിയതിനെ തുടർന്ന് ലഭിച്ച 5 പെനാൽറ്റി റൺസ് ബോണസോടെയാണ് ഇന്ത്യ ഇന്നിങ്സ് ആരംഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമ്മയും യശസ്വി ജയ്‌സ്വാളും ചേർന്ന് അഫ്ഗാൻ ബൗളർമാരെ അനായാസം നേരിട്ടു
രോഹിത് ശർമ്മ 69 പന്തിൽ 79 റൺസെടുത്ത് പുറത്തായപ്പോൾ, ക്രീസിലെത്തിയ ശ്രേയസ് അയ്യറുമായി ചേർന്ന് യശസ്വി ജയ്‌സ്വാൾ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 86 പന്തിൽ 12 ഫോറുകളും 7 സിക്സറുകളുമടക്കം 110 റൺസോടെ ജയ്‌സ്വാൾ പുറത്താകാതെ നിന്നു.









0 comments