ad
Deshabhimani

അമിതവേഗത്തിന് ഇളവില്ല; നിയമലംഘകരായ പ്രവാസികളുടെ നാടുകടത്തൽ തുടരുമെന്ന് കുവൈത്ത്

Car Driving AI Image

Representative Image | AI

വെബ് ഡെസ്ക്

Published on Jun 20, 2026, 08:38 PM | 1 min read

കുവൈത്ത് സിറ്റി: അമിതവേഗത്തിൽ വാഹനമോടിക്കുന്ന പ്രവാസികൾക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ തുടരുമെന്ന് കുവൈത്ത് ജനറൽ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി വേഗപരിധി ലംഘിക്കുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ട്രാഫിക് ബോധവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബുഹസ്സൻ അറിയിച്ചു.


കഴിഞ്ഞ വ്യാഴാഴ്ച മാത്രം രാജ്യത്തെ വിവിധ ഹൈവേകളിലും പ്രധാന റോഡുകളിലുമായി അമിതവേഗത്തിൽ സഞ്ചരിച്ച 94 വാഹനങ്ങൾ പിടികൂടിയതായി അദ്ദേഹം പറഞ്ഞു. ഇവർക്കെതിരെ ട്രാഫിക് നിയമപ്രകാരം കേസെടുത്തതോടൊപ്പം വാഹനങ്ങളും പിടിച്ചെടുത്തു.


നിലവിലെ ട്രാഫിക് നിയമപ്രകാരം, റോഡുകൾക്കനുസരിച്ച് നിശ്ചയിച്ചിരിക്കുന്ന വേഗപരിധി 30 കിലോമീറ്ററിലധികം ലംഘിക്കുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. മണിക്കൂറിൽ 170 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കുന്നവരെ ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി നിയമനടപടികൾ സ്വീകരിക്കും. 200 കിലോമീറ്ററോ അതിലധികമോ വേഗതയിൽ വാഹനമോടിക്കുന്നവർക്ക് തടവുശിക്ഷ ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.


ഗുരുതരമായ വേഗലംഘനം നടത്തുന്ന പ്രവാസികൾക്കെതിരെ കോടതി നടപടികൾക്ക് പുറമെ ഭരണപരമായ നാടുകടത്തൽ നടപടിയും സ്വീകരിക്കുമെന്ന് ട്രാഫിക് വകുപ്പ് ഓർമിപ്പിച്ചു. അമിതവേഗമാണ് ഗുരുതര റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നെന്നും എല്ലാ വാഹനമോടിക്കുന്നവരും നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.


അതേസമയം, ടോവിംഗ് വാഹനങ്ങളുടെ സുരക്ഷിത പ്രവർത്തനത്തിനായി പ്രത്യേക മാർഗനിർദേശങ്ങളും ട്രാഫിക് വകുപ്പ് പുറപ്പെടുവിച്ചു. ടോവിംഗ് വാഹനങ്ങൾ വലതുവശത്തെ ലെയിനിൽ മാത്രം സഞ്ചരിക്കണം, സുരക്ഷാ ശൃംഖലകളും മുന്നറിയിപ്പ് ലൈറ്റുകളും നിർബന്ധമായും ഉപയോഗിക്കണം, ടോ ചെയ്യപ്പെടുന്ന വാഹനത്തിൽ യാത്രക്കാരെ അനുവദിക്കരുത് തുടങ്ങിയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വകുപ്പ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home