"പിഎം ശ്രീ എത്രയും വേഗം നടപ്പാക്കണം"; യുഡിഎഫ് വിജയിച്ച് നാലാംനാൾ കേന്ദ്രത്തിൽനിന്ന് കത്ത്

വി ഡി സതീശൻ, പിഎം ശ്രീ പദ്ധതി എത്രയും വേഗം നടപ്പിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം മെയ് 8ന് അയച്ച കത്തിന്റെ പകർപ്പ് (വലത്)
തിരുവനന്തപുരം: സംഘപരിവാറിന്റെ ദേശീയ വിദ്യാഭ്യാസനയം (എൻഇപി) നടപ്പാക്കാൻ, സംസ്ഥാനത്തെ സ്‌കൂളുകളിൽ പിഎം ശ്രീ പദ്ധതിക്ക് അനുമതി നൽകിയതിൽ യുഡിഎഫ് സർക്കാർ ഉയർത്തിയ കള്ളപ്രചാരണങ്ങൾ വീണ്ടും പൊളിയുന്നു. കേരളത്തിൽ ഭരണമാറ്റമുണ്ടായി, യുഡിഎഫ് വിജയിച്ച് നാലാംനാൾ പിഎം ശ്രീ പദ്ധതി എത്രയും വേഗം നടപ്പിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ അയച്ച കത്ത് പുറത്തുവന്നു. എൽഡിഎഫ് സർക്കാർ തുടർനടപടികൾ സ്വീകരിക്കാത്തതിനാലാണ് കത്ത് അയക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. കേരളത്തിൽ പദ്ധതി എൽഡിഎഫ് കാലത്തേ നടപ്പിലായി എന്നും ഇനി തുടരുകയല്ലാതെ നിവൃത്തിയില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് പച്ചനുണയാണെന്ന് ഈ കത്ത് തെളിയിക്കുന്നുണ്ട്.
മെയ് എട്ടിനാണ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ, സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചത്. പിഎം ശ്രീ എത്രയും പെട്ടെന്ന് നടപ്പിലാക്കാനാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മന്ത്രി എൻ ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്. പൊതുവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്ന പദ്ധതിക്ക് ബുധനാഴ്‌ച മന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്.
അധികാരത്തിൽവന്നാൽ പദ്ധതി നടപ്പാക്കില്ലെന്ന് പറഞ്ഞ വി ഡി സതീശനും പിഎം ശ്രീ കടലിലെറിയുമെന്ന് പ്രഖ്യാപിച്ച മുസ്ലിംലീഗ് നേതാക്കളും നിലപാടിൽ മലക്കംമറിഞ്ഞു. നടപ്പാക്കില്ലെന്ന് കേന്ദ്ര സർക്കാരിന് കത്തുനൽകി പദ്ധതിയിൽനിന്ന് പിന്മാറിയ എൽഡിഎഫ് സർക്കാരിനെതിരെ കുപ്രചാരണം നടത്തിയവരാണിപ്പോൾ ആർഎസ്‌എസിന് നിരുപാധികം കീഴടങ്ങിയത്.
എസ്‌എസ്‌കെ വിഹിതമടക്കം സംസ്ഥാനത്തിന് അർഹമായ പണം പിഎം ശ്രീ ഒപ്പിടാത്തതിന്റെപേരിൽ കേന്ദ്രം തടഞ്ഞപ്പോഴാണ് എൽഡിഎഫ് സർക്കാർ താൽക്കാലികമായി ധാരണപത്രം ഒപ്പിട്ടത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ എൻഇപി നടപ്പാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതോടെ പദ്ധതിയിൽനിന്ന് പിന്മാറി. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയായിരുന്ന വി ശിവൻകുട്ടി കേന്ദ്രസർക്കാരിനെ നേരിട്ടും കത്തിലൂടെയും അറിയിച്ചു.
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽനിന്ന് എൽഡിഎഫ് സർക്കാർ പിന്മാറിയെന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലവും നൽകിയിരുന്നു. ധാരണപത്രത്തിൽ എൽഡിഎഫ് സർക്കാർ 2025 ഒക്ടോബർ 16ന് ഒപ്പിട്ടെങ്കിലും തുടർനടപടികളിൽനിന്ന് പിന്മാറിയെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്. ധാരണപത്രം നടപ്പാക്കുന്നത് 2025 നവംബർ 12ന് മരവിപ്പിച്ചെന്നും നടപടി 2020ലെ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിലെ വൈമനസ്യമാണ് പ്രതിഫലിപ്പിക്കുന്നതെന്നും സത്യവാങ്‌മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഏപ്രിൽ 20ന് സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
സംസ്ഥാന സർക്കാർ നയപരമായി തീരുമാനിച്ചാൽ മാത്രമേ പിഎം ശ്രീ നടപ്പാകൂവെമന്നും, അത്തരമൊരു നയംമാറ്റത്തിന് യുഡിഎഫ് സർക്കാരിനെ പ്രേരിപ്പിച്ച ഘടകമെന്താണെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാർ എന്തെങ്കിലും പ്രത്യേക അറിയിപ്പ് സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ടോ? പദ്ധതിയെ അതിനിശിതമായി എതിർത്ത യുഡിഎഫ് ഇപ്പോൾ പദ്ധതി നടപ്പാക്കാൻ മുന്നോട്ടുവരുന്നതിന്റെ ഉദ്ദേശശുദ്ധി വിശദീകരിക്കണമെന്നും പിണറായി കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എന്നാൽ മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.









0 comments