കോംഗോയിൽ വീണ്ടും എബോള ഭീതി; അഭയാർഥി ക്യാമ്പിൽ മരണനിരക്ക് ഉയരുന്നു

ബുനിയ : കോംഗോയിലെ വടക്കുകിഴക്കൻ ഭാഗത്തുള്ള അഭയാർഥി ക്യാമ്പിൽ എബോള വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ട്. മെയ് മാസം മുതൽ ബുനിയയിലെ കിഗോൺസെ ക്യാമ്പിൽ മാത്രം 30ഓളം പേർ മരിച്ചതായാണ് വിവരം. രോഗബാധയുടെ പ്രഭവകേന്ദ്രമായ ഇവിടെ മരണനിരക്കിലുണ്ടായ വർധന ആശങ്കാജനകമാണെന്ന് അധികൃതർ വ്യക്തമാക്കി.
തലവേദന, പനി, ഛർദി തുടങ്ങിയ എബോളയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാണ് എല്ലാവരും മരണപ്പെട്ടതെന്ന് ക്യാമ്പ് വക്താവും സന്നദ്ധ സംഘടനയായ കാരിതാസും അറിയിച്ചു. എന്നാൽ പലരും പരിശോധനയ്ക്ക് തയ്യാറാകാത്തതിനാൽ മരണകാരണം പൂർണമായി സ്ഥിരീകരിക്കുന്നത് വെല്ലുവിളിയായി തുടരുകയാണ്. 15,000ത്തിലധികം ആളുകൾ താമസിക്കുന്ന ക്യാമ്പിൽ സാധാരണയായി മാസത്തിൽ ഒന്നോ മൂന്നോ മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യാറുള്ളത്.
എന്നാൽ കഴിഞ്ഞ ആഴ്ചയിൽ മാത്രം പത്ത് പേരാണ് മരിച്ചത്.
ഗർഭിണികളും കുട്ടികളും ഉൾപ്പെടെയുള്ളവർ മരിച്ചവരിൽ ഉൾപ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരിൽ നിന്ന് എടുത്ത സാമ്പിളുകൾ എബോള പോസിറ്റീവാണെന്ന് കണ്ടെത്തി. മെയ് 15നാണ് കോംഗോയിൽ എബോള രോഗബാധ സ്ഥിരീകരിച്ചത്.
ദശലക്ഷത്തിലധികം ആളുകൾ തിങ്ങിപ്പാർക്കുന്ന കിഴക്കൻ കോംഗോയിലെ അഭയാർഥി ക്യാമ്പുകളിൽ രോഗം കൂടുതൽ പടരാനുള്ള സാധ്യത ആരോഗ്യപ്രവർത്തകരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ശുചിത്വ സംവിധാനങ്ങളുടെ അപര്യാപ്തതയും പരിശോധനകളോടുള്ള വിമുഖതയും രോഗപ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.







0 comments