പനിപ്പേടിയിൽ കേരളം; 75 പേർക്ക് ഡെങ്കിപ്പനി,13 പേർക്ക് ഷിഗെല്ലയും എലിപ്പനിയും; ഇന്ന് മാത്രം ചികിത്സതേടിയത് 13,187 പേർ

തിരുവനന്തപുരം: പ്രതിരോധപ്രവർത്തനങ്ങൾ അവതാളത്തിലായതോടെ സംസ്ഥാനത്ത് നിയന്ത്രിക്കാനാകാതെ പകർച്ചവ്യാധികൾ പടരുന്നു. ശനിയാഴ്ച മാത്രം 75 പേർക്ക് ഡെങ്കിപ്പനിയും 13 പേർക്ക് എലിപ്പനിയും ബാധിച്ച് ചികിത്സ തേടി. എലിപ്പനിയെത്തുടർന്ന് തൃശൂരിൽ ഒരാൾ മരിച്ചു. 13 പേർ ഷിഗെല്ല ബാധിച്ചും ചികിത്സതേടിയിട്ടുണ്ട്. 13,187 പേരാണ് പനിബാധിച്ച് ചികിത്സതേടിയത്.
ശുചീകരണത്തിൽ വീഴ്ചയുണ്ടായെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ കഴിഞ്ഞദിവസം കുറ്റസമ്മതം നടത്തിയിരുന്നു.
മരണസംഖ്യ ഉയരുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. പകർച്ചപ്പനി ബാധിച്ച് മാസം മാസം ഇതുവരെ 13 പേരാണ് മരിച്ചത്. ഷിഗെല്ല ബാധിച്ച് അഞ്ച് പേർ മരിച്ചു. എലിപ്പനിയും ഡെങ്കിപ്പനിയും മാതിച്ച് നാല് പേർ വീതവും മരണപ്പെട്ടു.
പനിബാധിതർ മലപ്പുറം ജില്ലയിലാണ് കൂടുതൽ. ജില്ലയിൽ 2851 പേർ ശനിയാഴ്ച ചികിത്സതേടി. തിരുവനന്തപുരം- 1286, പാലക്കാട് -1237, കോഴിക്കോട് - 1107, തൃശൂർ - 1075 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ പനിബാധിതരുടെ കണക്ക്. ഡെങ്കിപ്പനി ബാധിതർ ഏറ്റവുമധികം പാലക്കാട് ജില്ലയിലാണ്, ശനി ആശുപത്രികളിലെത്തിയത് 57 പേർ.
ഷിഗെല്ല രോഗികൾ കോഴിക്കോട്- 4, മലപ്പുറം 3, കണ്ണൂർ- 3, പാലക്കാട്- 2, കൊല്ലം- 1 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 209 ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.
നിപാ: 104 പേർ സമ്പർക്കപ്പട്ടികയിൽ
നിപാ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. രോഗബാധിതന്റെ സമ്പർപ്പട്ടികയിൽ ഉൾപ്പെട്ട് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിൾ ശേഖരിച്ച ആരോഗ്യപ്രവർത്തകയുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇതോടെ രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് ലക്ഷണങ്ങൾ കണ്ടെതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ 15 പേരുടെയും പരിശോന ഫലങ്ങൾ നെഗറ്റീവ് ആയി കണ്ടെത്തി.
രോഗബാധിതന്റെ സമ്പർക്ക പട്ടികയിൽ ശനിയാഴ്ച പുതുതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇത് നാല് പേർ വളരെ ഉയർന്ന റിസ്ക് ഭാഗത്തിൽപ്പെട്ടവരും, 14 പേർ ഉയർന്ന ഭാഗത്തിൽപെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് ഭാഗത്തിൽപ്പെട്ടവരും ആണ്.









0 comments