ad
Deshabhimani

ഫിഫ ലോകകപ്പ് : 47 പുരുഷന്മാർക്കിടയിലെ ഒരേയൊരു വനിത; ചരിത്ര റെക്കോർഡുമായി ഡോ സുസെയ്ൻ ഹൂർമാൻ

dr suzanne

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jun 20, 2026, 07:54 PM | 2 min read

ഹൂസ്റ്റൺ: ബ്രസീലിൽ ജനിച്ച ഡോ സുസെയ്ൻ ഹൂർമാൻ, റയൽ മാഡ്രിഡ്, പി എസ് വി ഐന്തോവൻ, ഗോ എഹെഡ് ഈഗിൾസ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്കൊപ്പവും ഡച്ച് വനിതാ ഹാൻഡ്‌ബോൾ ടീമിനൊപ്പവും പ്രവർത്തിച്ച് വലിയ പരിചയസമ്പത്തുള്ളയാളാണ്.


ഏകദേശം 1,58,000 മാത്രം ജനസംഖ്യയുള്ള കരീബിയൻ ദ്വീപായ കുറസാവോ, ഒരു മത്സരം പോലും തോൽക്കാതെ 7 വിജയങ്ങളും 3 സമനിലയുമായാണ് 2026 ലോകകപ്പിന് യോഗ്യത നേടിയത്.


പൂർണ്ണമായും പുരുഷന്മാർ മാത്രം ഭരിക്കുന്ന ഒരു മേഖലയിൽ ജോലി ചെയ്യുന്നതിൽ തനിക്ക് യാതൊരു ഭയവുമില്ലെന്ന് സുസെയ്ൻ വ്യക്തമാക്കുന്നു. "നിങ്ങൾ കഴിവുള്ളവരാണെന്ന് തെളിയിച്ചാൽ ഫുട്ബോൾ ലോകം നിങ്ങളെ എളുപ്പത്തിൽ അംഗീകരിക്കും.


കാരണം ഇവിടെ നിലവാരത്തിനും പ്രകടനത്തിനുമാണ് മുൻഗണന. കുറസാവോ ഫുട്ബോൾ ഫെഡറേഷനിൽ മെഡിക്കൽ ടീമിൽ മാത്രമല്ല, ഒരിടത്തും മറ്റൊരു വനിതയുമില്ല. കളിക്കാരും സ്റ്റാഫുമടങ്ങുന്ന 49 അംഗ സംഘത്തിൽ ഞാൻ മാത്രമാണ് ഏക സ്ത്രീ," സുസെയ്ൻ പറഞ്ഞു.


വനിതകൾ നേരിടുന്ന വെല്ലുവിളികൾ


നെതർലൻഡ്‌സിൽ 2008-ൽ മെഡിസിൻ പഠിക്കുമ്പോൾ 70-75% വനിതകളായിരുന്നു ഒപ്പമുണ്ടായിരുന്നതെന്ന് സുസെയ്ൻ ഓർക്കുന്നു. എന്നാൽ 2014-ൽ സ്‌പോർട്‌സ് മെഡിസിൻ സ്പെഷ്യലൈസേഷനിലേക്ക് എത്തിയപ്പോൾ വനിതകളുടെ എണ്ണം 20-30 ശതമാനമായി ചുരുങ്ങി.


വലിയ യാത്രകളും വ്യക്തിജീവിതത്തെ ബാധിക്കുന്ന കഠിനമായ ജീവിതശൈലിയുമാണ് സ്പോർട്സ് രംഗത്തേക്ക് വനിതാ ഡോക്ടർമാർ വരാതിരിക്കാൻ പ്രധാന കാരണം.


പ്രസവാവധിയും കുടുംബ കാര്യങ്ങളും പ്രൊഫഷണൽ ഫുട്ബോൾ സീസണുകൾക്കൊപ്പം കൃത്യമായി കൊണ്ടുപോകാൻ കഴിയില്ല. 24 മണിക്കൂറും ജാഗ്രതയോടെ ഇരിക്കേണ്ടി വരുന്ന ഈ ജോലി വലിയ വെല്ലുവിളിയാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.


2023-ലെ വനിതാ ലോകകപ്പിൽ പോലും ഇംഗ്ലണ്ട്, സ്വീഡൻ തുടങ്ങിയ പല പ്രമുഖ വനിതാ ടീമുകളെയും പിന്തുണച്ചിരുന്നത് പുരുഷ ഡോക്ടർമാരായിരുന്നു.


ചരിത്രം കുറിച്ച് 'ഓൾ-ഫീമെയിൽ' മെഡിക്കൽ ടീം


വനിതകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി 2026-ൽ ഫിഫ പുതിയ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വനിതാ ടൂർണമെന്റുകളിൽ മെഡിക്കൽ സ്റ്റാഫിലും കോച്ചിംഗ് ടീമിലും കുറഞ്ഞത് ഒരു വനിതയെങ്കിലും ഉണ്ടായിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ.


കഴിഞ്ഞദിവസം നടന്ന കുറസാവോ - ജർമ്മനി മത്സരത്തിൽ പുരുഷ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി പൂർണ്ണമായും വനിതകൾ മാത്രമുള്ള മെഡിക്കൽ ടീം ഔദ്യോഗിക ചുമതലകൾ നിർവ്വഹിച്ചു.


ഫിഫ മാച്ച് ഡോക്ടർ ഇമ്മ ലൂനൻ, കുറസാവോ ചീഫ് ഡോക്ടർ സുസെയ്ൻ ഹൂർമാൻ, ജർമ്മനി ടീം ഡോക്ടർ സിൽജ ശ്വാർട്സ്, എമർജൻസി ഡോക്ടർ കാരി ബാകുനാസ്, ഇൻജുറി സ്പോട്ടർ കെറി പീക്ക് എന്നിവരടങ്ങുന്നതായിരുന്നു ആ ചരിത്ര സംഘം.


ലിംഗഭേദമല്ല, മറിച്ച് കഴിവും യോഗ്യതയുമാണ് കായികരംഗത്തെ അവസരങ്ങൾക്ക് മാനദണ്ഡമെന്ന് തെളിയിക്കാനുള്ള വലിയൊരു ചുവടുവെപ്പാണിതെന്ന് ഡോ ഇമ്മ ലൂനൻ പറഞ്ഞു.


'ബ്ലൂ വേവ്' എന്നറിയപ്പെടുന്ന കുറസാവോ ടീം ജർമ്മനിക്കെതിരെ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോൾ നേടിയെങ്കിലും മത്സരത്തിൽ 7-1 ന് പരാജയപ്പെട്ടിരുന്നു. എങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ ഇക്വഡോർ, ഐവറി കോസ്റ്റ് എന്നിവർക്കെതിരെ നടക്കാനിരിക്കുന്ന അടുത്ത മത്സരങ്ങളിൽ ടീം വലിയ ശുഭപ്രതീക്ഷയിലാണെന്ന് ഡോ സുസെയ്ൻ ഹൂർമാൻ വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home