ആശാലത പ്രതികാര നടപടിയുടെ ഇര

കലക്ടറേറ്റിലെ സീനിയർ ക്ലർക്ക് എ ആശാലത ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
സ്വന്തം ലേഖകൻ
Published on Aug 11, 2026, 02:52 AM | 3 min read
കാസർകോട്
ജീവനൊടുക്കിയ കലക്ടറേറ്റിലെ എൻഡോസൾഫാൻ സെൽ സീനിയർ ക്ലർക്ക് നെല്ലിക്കട്ട അതൃക്കുഴിയിലെ എ ആശാലത യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള അന്യായ സ്ഥലം മാറ്റലിന്റെ ഇര. കലക്ടറേറ്റിലെ എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനിൽ ജോലി ചെയ്തിരുന്ന ആശാലതയെ ഭരണാനുകൂല സംഘടനകളുടെ പ്രതികാര നടപടിയുടെ ഭാഗമായാണ് എൻഡോസൾഫാൻ സെല്ലിലേക്ക് മാറ്റിയത്. വിഷം കഴിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആശാലത ഞായറാഴ്‌ചയാണ് മരിച്ചത്. എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനിലായിരുന്ന അവരെ യുഡിഎഫ് സർക്കാർ വന്ന് എതാനും ദിവസത്തിനുള്ളിൽ എൻഡോസൾഫാൻ സെല്ലിലേക്ക് മാറ്റി. വിശാലമായ സെക്‌ഷനിൽനിന്നാണ് അവരെ ഒറ്റപ്പെട്ട സെക്‌ഷനിലേക്ക് മാറ്റിയത്. ഇതിൽ കടുത്ത മനോവിഷമം അനുഭവിച്ചിരുന്നതായി അടുത്ത സുഹൃത്തുക്കളെ അവർ അറിയിച്ചിരുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടതായി യുവതി പൊലീസിനും മൊഴി നൽകിയിരുന്നു. എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗവും കലക്ടറേറ്റിലെ അക്ഷര ലൈബ്രറി പ്രസിഡന്റുമായിരുന്ന ആശാലത സംഘടനാ രംഗത്തും ജീവനക്കാരുടെ കലാസാംസ്‌കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിലെ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം തിങ്കളാഴ്ച രാവിലെ കലക്ടറേറ്റിൽ പൊതുദർശനത്തിനുവച്ചു. തുടർന്ന് അതൃക്കുഴി യുവജനവായനശാലയിലും വീട്ടിലും എത്തിച്ചു. നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
തലങ്ങും വിലങ്ങും അന്യായ സ്ഥലം മാറ്റൽ
കാസർകോട്
യുഡിഎഫ് സർക്കാർ അധികാരത്തിൽവന്ന ശേഷം ജില്ലയിൽ നടന്നത് മുന്പെങ്ങുമില്ലാത്ത വിധം അന്യായ സ്ഥലം മാറ്റൽ. തികച്ചും പ്രതികാരബുദ്ധിയോടെയാണ് എല്ലാ വകുപ്പുകളിലും തലങ്ങും വിലങ്ങുമുള്ള സ്ഥലം മാറ്റൽ. ജില്ലയ്‌ക്ക് പുറത്തേക്കു മാത്രമല്ല, ജില്ലക്കകത്തും എതിർ യൂണിയനുകളിൽപെട്ടവരെ ഭരണകക്ഷി യൂണിയനുകളുടെ ഒത്താശയോടെ വ്യാപകമായി സ്ഥലം മാറ്റി. സഹകരണ വകുപ്പിലാണ് ആദ്യ ജീവനക്കാരെ മാനദണ്ഡമില്ലാതെ സ്ഥലം മാറ്റിയത്. 16 അസിസ്റ്റന്റ് രജിസ്ട്രാർമാരെ ജില്ലയ്‌ക്കകത്ത് വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി. പട്ടികജാതി വകുപ്പിൽ കുക്കുമാരെയും ഇതേപോലെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് മാറ്റി. എൽഎസ്‌ജിഡി വകുപ്പിൽ പത്തിലേറെ ക്ലർക്കുമാരെയാണ് ജില്ലയിൽ പലയിടത്തേക്ക് മാറ്റിയത്. ഇതിൽ രണ്ടുപേർ കോടതിയെ സമീപിച്ച് സ്‌റ്റേ വാങ്ങിയിട്ടുണ്ട്. ആരോഗ്യ വകുപ്പിൽ 12 നഴ്‌സിങ് അസിസ്‌റ്റന്റുമാരെയും മാനദണ്ഡം കാറ്റിൽ പറത്തി മാറ്റി. പട്ടികവർഗ വകുപ്പിൽ ജൂനിയർ സൂപ്രണ്ട് എം ധനേഷിനെ അട്ടപ്പാടിയിലേക്കാണ് മാറ്റിയത്. സർവീസിൽനിന്ന് വിരമിക്കാൻ മാസങ്ങൾമാത്രം ശേഷിക്കുന്നവർക്കും ഒരു പരിഗണനയും ലഭിച്ചില്ല. ഉത്തരവുകളും മാനദണ്ഡങ്ങളുമെല്ലാം കാറ്റിൽപ്പറത്തിയാണ് അന്യായമായ സ്ഥലം മാറ്റൽ. ജില്ലയുടെ തെക്കുള്ളവരെ വടക്കോട്ടും വടക്കുള്ളവരെ തെക്കോട്ടും തെരഞ്ഞുപിടിച്ചാണ് മാറ്റിയത്. പൊലീസ് സേനയിലുമുണ്ടായി പ്രതികാര ബുദ്ധിയോടെയുള്ള സ്ഥലം മാറ്റൽ.
സമഗ്ര അന്വേഷണം നടത്തണം: എൻജിഒ യൂണിയൻ
കാസർകോട്
കലക്ടറേറ്റിലെ സീനീയർ ക്ലർക്ക് എ ആശാലതയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് എൻജിഒ യൂണിയൻ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കലക്ടറേറ്റിലെ എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനിൽ ജോലി ചെയ്ത ആശാലതയെ എൻഡോസൾഫാൻ സെല്ലിലേക്ക് മാറ്റിയിരുന്നു. അത് മാനസിക സംഘർഷത്തിന് ഇടയാക്കിയതായി ജീവനക്കാർക്കിടയിൽ പരക്കെ ആക്ഷേപമുണ്ട്. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ജീവനക്കാരെ മാനദണ്ഡവുമില്ലാതെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയാണ്. ആശാലത കലക്ടറേറ്റിലെ അക്ഷര ലൈബ്രറി പ്രസിഡന്റ് എന്ന നിലയിൽ കലാ സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു. വിശാലമായ ഓഫീസ് സമുച്ഛയത്തിൽ നിന്നും ഒറ്റപ്പെട്ട ഓഫീസിലേക്കുള്ള മാറ്റം മാനസിക സംഘർഷം വർധിപ്പിച്ചിട്ടുണ്ടെന്ന് സംശയിക്കാവുന്നതാണ്. പ്രസ്‌താവനയിൽ പറഞ്ഞു.
കലക്ടറേറ്റിൽ യുവജന പ്രതിഷേധം
കാസർകോട് ഭരണാനുകൂല സംഘടനയുടെ പ്രതികാര നടപടിയിൽ മനംനൊന്ത് കലക്ടറേറ്റിലെ സീനിയർ ക്ലർക്ക് എ ആശാലത ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് എം വി രതീഷ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി വി ഗിനീഷ്, ജില്ലാ കമ്മിറ്റി അംഗം കെ ജ്യോതി കെ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് പാടി സ്വാഗതം പറഞ്ഞു. ഭരണാനുകൂല സംഘടനകളുടെ പ്രതികാര നടപടിയിൽ ഉദ്യോഗസ്ഥരുടെ ജീവൻ നഷ്‌ടമാകുന്ന അവസ്ഥ ആധുനിക സമൂഹത്തിന് അംഗീകരിക്കാനാവാത്തതാണെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. ആശാലത ജീവനൊടുക്കിയത് അങ്ങേയറ്റം വേദനാജനകവും ഞെട്ടിക്കുന്നതുമാണ്. ഇടതുപക്ഷ അനുകൂല ജീവനക്കാരെ ഒരു മാനദണ്ഡവുമില്ലാതെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയാണ്. വിശാലമായ ഓഫീസ് സമുച്ഛയത്തിൽ നിന്നും ഒറ്റപ്പെട്ട ഓഫീസിലേക്കുള്ള മാറ്റം ആശലതയെ കടുത്ത മാനസിക സംഘർഷത്തിടയാക്കിയതയായി സഹപ്രവര്‍ത്തകരും ബന്ധുക്കളും പറയുന്നു. ഒരു മാനദണ്ഡവും പാലിക്കാതെ രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന കൂട്ടസ്ഥലംമാറ്റങ്ങൾ സിവിൽ സർവീസിനെ പൂർണമായി സ്തംഭിപ്പിച്ചിരിക്കുന്നു. ജീവനക്കാരോട് ശത്രുതാമനോഭാവം പുലർത്തുകയും പൊതുസമൂഹത്തിന് മുന്നിൽ അവരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുഡിഎഫ് സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം.









0 comments