print edition നയം തിരുത്തൂ

ജയിൽ നിറയ്ക്കൽ സമരത്തിന്റെ ഭാഗമായി ആന്ധ്രപ്രദേശിലെ വിജയനഗരത്തിൽ കർഷകരും തൊഴിലാളികളും നടത്തിയ മാർച്ചിനെ പൊലീസ് തടഞ്ഞപ്പോൾ
ന്യൂഡൽഹി: ജനദ്രോഹനയങ്ങൾ മാത്രം നടപ്പാക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ രാജ്യമാകെ തൊഴിലാളികളും കർഷകരും തെരുവിൽ അണിചേർന്നു. ഒന്നിച്ചുയർത്തിയ പ്രക്ഷോഭം മോദിസർക്കാരിന് താക്കീതായി. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ സംയുക്ത കിസാൻമോർച്ച ആഹ്വാനം ചെയ്‌ത ജയിൽ നിറയ്‌ക്കൽ സമരത്തിൽ കർഷകരും കർഷകത്തൊഴിലാളികളും തൊഴിലാളികളും സ്‌ത്രീകളും യുവജനങ്ങളും വിദ്യാർഥികളും അണിചേർന്നു.
നയങ്ങൾ തിരുത്തിയില്ലെങ്കിൽ കടുത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് കേന്ദ്രസർക്കാരിനുള്ള മുന്നറിയിപ്പായി ദേശീയ പ്രക്ഷോഭം. ലക്ഷക്കണക്കിന് കർഷകരും തൊഴിലാളികളും അറസ്റ്റുവരിച്ചു. ബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, ത്രിപുര, ഹരിയാന, തെലങ്കാന, ഒഡിഷ, രാജസ്ഥാൻ, തമിഴ്‌നാട്, ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപകമായി റോഡുകൾ ഉപരോധിക്കുകയും ട്രെയിനുകൾ തടയുകയും ചെയ്‌തു.
കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്‌ളെ മഹാരാഷ്ട്രയിലെ ദഹാനുവിൽ ആയിരക്കണക്കിന് കർഷകർക്കും തൊഴിലാളികൾക്കുമൊപ്പം അറസ്റ്റുവരിച്ചു. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ വിജയരാഘവൻ തൃശൂർ ഹെഡ്പോസ്റ്റോഫീസ് ഉപരോധത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. അഖിലേന്ത്യാ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ് ഹരിയാനയിലെ ഭിവാനിയിലും വൈസ്‌പ്രസിഡന്റ് ഇന്ദർജിത് സിങ് ഹിസാറിലും ജോയിന്റ് സെക്രട്ടറി ബാദൽ സരോജ് മധ്യപ്രദേശിലെ മൊറീനയിലും സമരത്തിന്റെ ഭാഗമായി.
ബംഗാളിൽ പലയിടത്തും പൊലീസ് പ്രതിഷേധക്കാരെ ആക്രമിച്ചു. എന്നാൽ പൊലീസിന്റെയും ബിജെപി ക്രിമിനലുകളുടെയും ഭീഷണിയെ കൂസാതെ എല്ലാ ജില്ലകളിലും പതിനായിരങ്ങൾ പങ്കെടുത്ത റാലികളും യോഗങ്ങളും നടന്നു.
സ്വതന്ത്ര വ്യാപാര കരാറുകൾ റദ്ദാക്കുക, കാർഷിക മേഖലയിൽ നിന്ന് കോർപറേറ്റുകളെ അകറ്റിനിർത്തുക, സ്വാമിനാഥൻ ശുപാർശ പ്രകാരമുള്ള മിനിമം താങ്ങുവില നിയമപരമായി ഉറപ്പുവരുത്തുക, കർഷകരുടെ ഭൂഅവകാശങ്ങൾ സംരക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വർഷം 200 തൊഴിൽദിനങ്ങൾ ഉറപ്പാക്കുക, ആത്മഹത്യ ചെയ്‌ത കർഷകരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ ധനസഹായം നൽകുക, നാല് തൊഴിൽ കോഡുകൾ പിൻവലിക്കുക, സ്‌കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ മേഖലയിലെയും തൊഴിലാളികൾക്ക് ക്ഷാമബത്ത ഉൾപ്പെടുത്തി കുറഞ്ഞ വേതനം 42000 രൂപയാക്കുക, സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കുക, സംസ്ഥാനങ്ങളുടെ നികുതിവിഹിതം 50 ശതമാനമായി ഉയർത്തുക, വൈദ്യുതി സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, പ്രീപെയ്‌ഡ് സ്‌മാർട്ട് മീറ്ററുകൾ പിൻവലിക്കുക, വിത്തു ബിൽ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നവംബർ മുതൽ അനിശ്‌ചിതകാല സമരത്തിലേക്ക് കടക്കാനാണ് കർഷകസംഘടനകളുടെയും ട്രേഡ് യൂണിയനുകളുടെയും തീരുമാനം.









0 comments