തിളച്ചു പ്രതിഷേധം

കർഷകരും -കർഷക തൊഴിലാളികളും ട്രേഡ് യൂണിയനുകളും ആഹ്വാനംചെയ്‌ത ജയിൽ നിറക്കൽ സമരത്തിന്റെ ഭാഗമായുള്ള കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് ഉപരോധം കിസാൻസഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു
സ്വന്തം ലേഖകൻ
Published on Aug 11, 2026, 02:59 AM | 2 min read
കണ്ണൂർ
ജയിൽ നിറയ്‌ക്കൽ സമരത്തിന്റെ ഭാഗമായി തൊഴിലാളികളും കർഷകരും കർഷക തൊഴിലാളികളും കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് ഉപരോധിച്ചു. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി രാവിലെ ആരംഭിച്ച സമരത്തിൽ ഹെഡ്‌പോസ്‌റ്റോഫീസ് പ്രവർത്തനം ഉച്ചവരെ തടസ്സപ്പെട്ടു. വിവിധ കർഷക സംഘടനകളും കർഷക തൊഴിലാളി സംഘടനകളും തൊഴിലാളി സംഘടനകളും ഉൾപ്പെട്ട സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. തൊഴിലാളികളെയും കർഷകരെയും കർഷക തൊഴിലാളികളെയും തൊഴിൽരഹിതരായ യുവജനങ്ങളെയും നേരിട്ട് ബാധിക്കുന്ന 21 മുദ്രാവാക്യം ഉയർത്തിയായിരുന്നു സമരം. കോർപറേറ്റുകൾക്ക് അനുകൂലമായ നയങ്ങളിലൂടെയും നിയമനിർമാണങ്ങളിലൂടെയും സാധാരണക്കാരെ ജീവിത ദുരിതങ്ങളിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാരിനെതിരായ പടയണിയായി സമരം മാറി. 29 തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്ത് നാല് ലേബർ കോഡുകളാക്കി മാറ്റി അവകാശങ്ങൾ കവർന്നെടുക്കുന്നതിനെതിരെ രാജ്യമെന്പാടും ഉയരുന്ന പ്രക്ഷാഭത്തിനൊപ്പം കണ്ണൂരും കരുത്തോടെ അണിനിരക്കുകയായിരുന്നു. കിസാൻസഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ ഉദ്ഘാടനംചെയ്‌തു. താവം ബാലകൃഷ്‌ണൻ അധ്യക്ഷനായി. പകൽ ഒന്നോടെ ടൗൺ സിഐ കൈലാസ് നാഥിന്റെ നേതൃത്വത്തിൽ എം വി ജയരാജൻ, കെ കെ രാഗേഷ്, ടി വി രാജേഷ്, കെ മനോഹരൻ, താവം ബാലകൃഷ്‌ണൻ, എ പ്രദീപൻ, സി പി ഷൈജൻ, സി കൃഷ്‌ണൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്‌ത് നീക്കി. എം വി ജയരാജൻ, കെ കെ രാഗേഷ്, എം പ്രകാശൻ, കെ സി ഹരികൃഷ്‌ണൻ, സി പി മുരളി, എ പ്രദീപൻ, എം ശ്രീധരൻ, രവീന്ദ്രൻ കുന്നോത്ത്, കെ വി ബാബു, എം ഉണ്ണികൃഷ്‌ണൻ, സി പി ഷൈജൻ, പി ഗോവിന്ദൻ, സി കൃഷ്‌ണൻ, കെ ദാമോദരൻ, അരക്കൻ ബാലൻ, എം ഗംഗാധരൻ, എം കെ ജയരാജൻ എന്നിവർ സംസാരിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ സ്വാഗതം പറഞ്ഞു.
മുഖ്യമന്ത്രിക്ക് മോദിപ്പേടി: ഇ പി ജയരാജൻ
കണ്ണൂർ
നരേന്ദ്രമോദിയെന്ന് കേട്ടാൽ ഭയന്ന് മൂത്രമൊഴിക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ പറഞ്ഞു. മോദിയെ ഭയന്ന് മോദി പറയുന്നതുപോലെ ഭരിക്കുകയാണ് സതീശൻ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർഎസ്‌എസ് ആഗ്രഹിക്കുന്നത് എന്താണോ അതാണ് സതീശൻ നടപ്പാക്കുന്നത്. വന്ദേമാതരം ആർഎസ്‌എസിന് വേണ്ടിയാണ് ഏറ്റുപാടുന്നത്. കേന്ദ്രസർക്കാരിന്റെ ആഗ്രഹങ്ങൾക്കനുസരിച്ചാണ് കേരളത്തിലെ ഭരണം. കർഷകരും കർഷക തൊഴിലാളികളും തൊഴിലാളി സംഘടനകളും രാജ്യവ്യാപകമായി ആഹ്വാനം ചെയ്‌ത ജയിൽ നിറക്കൽ സമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കണ്ണൂർ ഹെഡ്‌പോസ്‌റ്റോഫീസ് ഉപരോധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഇ പി. കേരളത്തിലെ ഭരണം കുത്തഴിഞ്ഞുകിടക്കുകയാണ്. പ്രളയക്കെടുതിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സർക്കാർ പരാജയമാണ്. മറ്റൊരാളെ രക്ഷിക്കുന്നതിനിടെ മുങ്ങിമരിച്ച രാജേഷിനായുള്ള തെരച്ചിലിൽ നമ്മളത് കണ്ടതാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഫ്രീസറുള്ള ആംബുലൻസ് ഏർപ്പാടാക്കാത്തതിനാലാണ് കുഞ്ഞുങ്ങൾക്ക് അവസാനമായി ആ മുഖം ഒരു നോക്ക് കാണാൻ പോലും കഴിയാഞ്ഞത്. പ്രളയകാലത്ത് എൽഡിഫ് സർക്കാർ കാത്തുവച്ചത് എങ്ങനെയെന്ന് കേരളം അനുഭവിച്ചതാണ്. വിമർശനം ഉയരുന്പോൾ എന്തൊക്കെയോ വിളിച്ചുപറയുകയാണ് സതീശൻ. മുഖ്യമന്ത്രി ആ പദവിക്ക് യോജിച്ച വർത്തമാനം പറയണം. തെറ്റ് പറ്റിയാൽ അത് തിരുത്താനും ഏറ്റുപറയാനുമുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണമെന്നും ഇ പി പറഞ്ഞു.









0 comments