സർക്കാർ ഉദ്യോഗസ്ഥനാണെന്ന വ്യാജേന ജോലി വാഗ്ദാനം ചെയ്ത് 60 ലക്ഷം രൂപ തട്ടി; പ്രതി പിടിയിൽ

ന്യൂഡൽഹി : മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനാണെന്ന വ്യാജേന ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി 60 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി ഡൽഹിയിൽ പിടിയിൽ. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) ആണെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. സർക്കാർ ജോലി ഉറപ്പാക്കാമെന്നും ഭൂമി അനുവദിക്കാമെന്നും പറഞ്ഞ് നിരവധി പേരിൽ നിന്ന് ഇയാൾ 60 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ഡൽഹിയിലെ ഗാന്ധി വിഹാറിൽ താമസിക്കുന്ന പവൻ എന്ന വരുൺ കുമാർ (43) ആണ് പിടിയിലായത്. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു പ്രൊവിൻഷ്യൽ സിവിൽ സർവീസ് (പിസിഎസ്) ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വ്യാജ തിരിച്ചറിയൽ കാർഡുകളും രേഖകളും ഉപയോഗിച്ച് ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു തട്ടിപ്പ്.
വരുണിന്റെ പേരിൽ മാർച്ചിൽ സിദ്ധിപുര പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതായി അധികൃതർ പറഞ്ഞു. എഡിഎം ആണെന്ന് സ്വയം പരിചയപ്പെടുത്തിയ വരുൺ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ടതായും പരാതിയിൽ പറയുന്നു. നോയിഡയിൽ സർക്കാർ ജോലികളും ഭൂമിയും വാഗ്ദാനം ചെയ്ത് ഇയാൾ പരാതിക്കാരിൽ നിന്ന് ഏകദേശം 60 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
ഡിജിറ്റൽ, സാമ്പത്തിക രേഖകൾ പരിശോധിച്ചും ബാങ്ക് അക്കൗണ്ടുകൾ, യുപിഐ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി നടത്തിയ ഇടപാടുകൾ ട്രാക്ക് ചെയ്യുകയും ചെയ്തുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി ഉപയോഗിച്ച മൊബൈൽ ഫോണുകൾ വരുൺ കുമാർ പാണ്ഡെ എന്ന പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആപ്പിൾ ഐഡികളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 2015 ബാച്ച് പിസിഎസ് ഓഫീസറും ഝാൻസിയിലെ മുൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായ വരുൺ കുമാർ പാണ്ഡെയുടെ പേരാണ് പ്രതി കുറ്റകൃത്യത്തിനായി ഉപയോഗിച്ചത്.
യഥാർഥ ഉദ്യോഗസ്ഥന്റെ ഫോട്ടോയും വിവരങ്ങളും ഉപയോഗിച്ച് വ്യാജ ഐഡികൾ നിർമിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ, പ്രതി വർഷങ്ങളോളം എഡിഎമ്മായി ആൾമാറാട്ടം നടത്തിയതായി സമ്മതിച്ചു. എഡിഎമ്മിന്റെ പേരിലുള്ള വിസിറ്റിംഗ് കാർഡുകൾ, തിരിച്ചറിയൽ കാർഡുകൾ, വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, സർക്കാരുമായി ബന്ധപ്പെട്ട രേഖകൾ, മൊബൈൽ ഫോണുകൾ, സ്ക്രീൻഷോട്ടുകൾ, വാട്ട്‌സ്ആപ്പ് ചാറ്റുകൾ, ആൾമാറാട്ടത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന ഫോട്ടോകൾ എന്നിവ പൊലീസ് കണ്ടെടുത്തു. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയതായി കരുതുന്ന ഒരു കാറും സ്കൂട്ടറും അന്വേഷണ കണ്ടെത്തി.
പ്രതിക്കെതിരെ 2019ൽ ഉത്തർപ്രദേശിലെ സാഹിബാബാദ് പൊലീസ് സ്റ്റേഷനിൽ ആൾമാറാട്ടം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം മുമ്പ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.









0 comments