'ഈ ഡയപ്പർ ധർമേന്ദ്ര പ്രധാനുവേണ്ടിയാണ്, ഇതിൽ ചോർച്ചയില്ല'; കേന്ദ്രമന്ത്രിയെ പരിഹസിച്ച് യുവാക്കൾ

ജന്തർ മന്ദറിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഡയപ്പറുകളുമായി പങ്കെടുത്ത യുവാവ്
ന്യൂഡൽഹി: വിദ്യാർഥികളുടെ ഭാവി തകര്‍ക്കുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്നാവാശ്യപ്പെട്ട് ഡൽഹിയിൽ യുവജനരോഷം. സിജെപി (കോക്രോച്ച് ജനതാ പാർടി)യുടെ നേതൃത്വത്തിൽ ജന്തർ മന്ദറിൽ ആയിരക്കണക്കിന് യുവാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. കേന്ദ്രവിദ്യാഭ്യാസമന്ത്രി രാജിവയ്ക്കാതെ പിന്മാറില്ലെന്ന് സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്‌കെ അറിയിച്ചു.
പ്രതിഷേധത്തിനെത്തുന്നവരോട് പ്ലെയ്‌റ്റും സ്‌പൂണും കൊണ്ടുവരാൻ സിജെപി ആഹ്വാനം ചെയ്തിരുന്നു. പല യുവാക്കളും പരിഹാസരൂപേണ ഡയപ്പറുകളും കൊണ്ടുവന്നു. 'ഈ ഡയപ്പർ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനുവേണ്ടിയാണ്, ഇതിൽ ചോർച്ചയില്ല' എന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.
ജൂൺ ആറിന് സിജെപി ജന്തർ മന്ദറിൽ സമാന ആവശ്യമുയർത്തി പ്രതിഷേധിച്ചിരുന്നു. തുടർന്ന് മന്ത്രിക്ക് രാജിവെക്കാൻ ഏഴ് ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തു. ഇൗ ആവശ്യം അംഗീകരിക്കാത്തതോടെയാണ് പാറ്റകൾ വീണ്ടും ജന്തർ മന്ദറിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പുണെ, ലഖ്നൗ, അമൃത്‌സർ, ഹൈദരാബാദ്, ബംഗളൂരു, ജയ്‌പൂർ, നാഗ്പൂർ എന്നിവിടങ്ങളിലും സിജെപി പ്രതിഷേധിച്ചിരുന്നു.
നീറ്റ് ചോദ്യച്ചോർച്ചയിലും സിബിഎസ്‌ഇ ക്രമക്കേടിലും ഇരകളായ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ നീതിക്കായി എസ്‌എഫ്‌ഐ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് കഴിഞ്ഞദിവസം മാർച്ച് നടത്തിയിരുന്നു. ഡൽഹി പൊലീസിന്റെ രാഷ്‌ട്രീയപ്രേരിത വിലക്കും ഭീഷണിയും മറികടന്ന്, അഞ്ചുലക്ഷം വിദ്യാർഥികളുടെ ഒപ്പുമായാണ് മാർച്ച് നടത്തിയത്. ഇരുമ്പുഗേറ്റുകൾവച്ച് പൊലീസ് തടഞ്ഞെങ്കിലും വിദ്യാർഥികൾ അതിനെ മറികടന്നു. അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ, വൈസ് പ്രസിഡന്റ് ശിൽപ്പ സുരേന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് എന്നിവർ മന്ത്രാലയത്തിലെത്തി നിവേദനം കൈമാറി. ആവശ്യങ്ങളിൽ ചൊവ്വാഴ്‌ച വിശദമായ ചർച്ചയ്‌ക്ക് തയ്യാറാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രധാൻ രാജിവച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് എസ്‌എഫ്‌ഐയും അറിയിച്ചിട്ടുണ്ട്.










0 comments