ad
Deshabhimani

കുംഭമേള വൈറൽ താരത്തിന് പൊലീസ് സംരക്ഷണം നൽകണം: ഹൈക്കോടതി

kerala high court monalisa bhosle kumbh mela viral girl
വെബ് ഡെസ്ക്

Published on Jun 20, 2026, 05:10 PM | 1 min read

കൊച്ചി: കുംഭമേള വൈറൽ താരം മോണാലിസ ഭോസ്ലെയ്ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതി. മോണാലിസയുടെ ജീവന് ഭീഷണിയുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉൾപ്പെട്ട ബെഞ്ച് പെൺകുട്ടിക്ക് സംരക്ഷണം നൽകണമെന്ന് ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്എച്ചഒയ്ക്ക് ഹൈക്കോടതി നിർദേശം നൽകി. കേസ് പരി​ഗണിക്കുന്നത് ജൂലൈ 10 ലേക്ക് മാറ്റി.


മുസ്ലീം വിഭാ​ഗത്തിലുള്ള ഫർമാൻ എന്ന യുവാവിനെ വിവാഹം കഴിച്ചതിന് പിന്നാലെ മുഖ്യധാരാ മാധ്യമങ്ങളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും തനിക്കെതിരെ വലിയ രീതിയിൽ വിദ്വേഷ പ്രചാരണങ്ങളും വധഭീഷണികളും ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് മോണാലിസ ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളുടെ ഫോട്ടോകൾ തെരുവുകളിൽ കത്തിക്കുകയും ചെരുപ്പുകൊണ്ട് അടിക്കുകയും ചെയ്തതായി മൊണാലിസ ഹർജിയിൽ പറയുന്നു. പാകിസ്ഥാനിയെ വിവാഹം കഴിച്ചുവെന്ന് ആരോപണമുയർന്നു. നേരിൽ കണ്ടാൽ വെടിവച്ചു കൊല്ലുമെന്നും വ്യക്തമാക്കുന്ന ഭീഷണി സന്ദേശങ്ങൾ ഫോണിലൂടെ ലഭിച്ചതായുമാണ് ഹർജിയിലെ വെളിപ്പെടുത്തൽ.


കഴിഞ്ഞ വർഷം മഹാകുംഭമേളയ്ക്കിടെ മാലകൾ വിൽക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് മോണാലിസ ശ്രദ്ധേയയായത്. മാർച്ചിൽ ഒരു സിനിമാ ഷൂട്ടിംഗിനായി മൊണാലിസ കേരളത്തിലെത്തി. ഫർമാനുമായുള്ള പ്രണയത്തെ കുടുംബം എതിർക്കുന്നു എന്ന് കാണിച്ച് കേരള പൊലീസിന്റെ സഹായം തേടയിരുന്നു. പിന്നീട് വിവാഹിതരാകുകയും ചെയ്തു.


ഫർമാൻ തന്റെ മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് മോണാലിസയുടെ പിതാവ് മധ്യപ്രദേശ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെതിരെ ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചു. മധ്യപ്രദേശ് കോടതിയെ സമീപിച്ച് ജാമ്യമെടുക്കുന്നതിനായി ഫർമാന് ഈ മാസം ആദ്യം കേരള ഹൈക്കോടതി ഒരു മാസത്തെ ട്രാൻസിറ്റ് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home