എയർ ഇന്ത്യയിലെ നിർബന്ധിത ലഹരി പരിശോധന; രണ്ട് പൈലറ്റുമാർ കൂടി പരാജയപ്പെട്ടു

ന്യൂഡൽഹി : ഫുക്കറ്റ് - ഡൽഹി വിമാനത്തിലെ ഗുരുതര വീഴ്ചയ്ക്ക് പിന്നാലെ എയർ ഇന്ത്യ കർശനമാക്കിയ നിർബന്ധിത ലഹരി പരിശോധനയിൽ രണ്ട് പൈലറ്റുമാർക്ക് കൂടി പോസിറ്റീവ്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് നിർബന്ധിത ലഹരി പരിശോധനയെന്ന തീരുമാനം പ്രാബല്യത്തിൽ വന്നത്. ഏകദേശം 300 - 400 കോക്ക്പിറ്റ് അംഗങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പ്രാഥമിക പരിശോധനയിലാണ് രണ്ട് പേരുടെ ഫലം പോസിറ്റീവായത്. അന്തിമ പരിശോധനാ ഫലം 48 മണിക്കൂറിനകം ലഭിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ചുമതലകളിൽ നിന്ന് ഇരുപൈലറ്റുമാരെയും നീക്കിയിട്ടുണ്ട്.
ഉത്തേജക മരുന്നുകളുടെ പരിശോധനാ ഫലം പോസിറ്റീവായ സാഹചര്യത്തിൽ അന്തിമ പരിശോധനാ ഫലം വരുന്നത് വരെ ചുമതലകളിൽ നിന്ന് മാറ്റിനിർത്തണമെന്ന ഡിജിസിഎയുടെ നിർദേശപ്രകാരമാണ് നടപടി. സർവീസ് സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഡ്രഗ് ഉപയോഗിക്കുന്ന ജീവനക്കാർക്ക് കർശന ശിക്ഷാനടപടികളുണ്ടാകുന്ന വിധം നിയമത്തിൽ മാറ്റങ്ങൾ വരുത്തണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടു. ലഹരി പരിശോധന വ്യാപിപ്പിക്കണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടു. ലഹരി ഉപയോഗിച്ചുവെന്ന് കണ്ടെത്തിയാല്‍ പൈലറ്റിനെ തുടക്കമെന്ന നിലയിൽ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് അയക്കും. ഇവര്‍ക്ക് ചികിത്സയ്ക്ക് ശേഷം തിരികെയെത്തി പരിശോധനയ്ക്ക് വിധേയമായതിന് പിന്നാലെ വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിക്കാവുന്നതാണ്.എന്നാല്‍, ഇതേ വ്യക്തി വീണ്ടും ലഹരി ഉപയോഗിക്കുന്നതായി തെളിഞ്ഞാൽ മൂന്ന വർഷത്തേക്ക് ലൈസൻസ് റദ്ദാക്കും.
സുരക്ഷാ മാനദണ്ഡങ്ങളിലെ ഒരു പ്രധാന ചുവടുവെയ്പ്പെന്ന തീരുമാനത്തോടെയാണ് കൂടുതൽ കർശനമായ പരിശോധനാ സംവിധാനങ്ങൾ എയർ ഇന്ത്യ അടുത്തിടെ ആവിഷ്കരിച്ചത്. ഈ മാസം അഞ്ചിനായിരുന്നു യാത്രക്കാരെ ഭീതിയിലാഴ്ത്തിക്കൊണ്ട് എയർ ഇന്ത്യ വിമാനം പറക്കലിനിടെ ആകാശച്ചുഴിയിലേക്ക് പതിച്ചത്. തായ്ലന്റിലെ ഫൂക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന വിമാനം ആകാശച്ചുഴിയിൽ അകപ്പെടുകയായിരുന്നു. അപകടത്തിൽ നാല് ക്യാബിൻ ക്രൂ അംഗങ്ങൾ ഉൾപ്പെടെ കുറഞ്ഞത് 17 പേർക്ക് പരിക്കേറ്റിരുന്നു. പരിശോധനയിൽ വിമാനം നിയന്ത്രിച്ചിരുന്ന രണ്ട് പൈലറ്റുമാരിൽ ഒരാൾ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. സംഭവത്തിന് പിന്നാലെ വിമാനത്തിന്റെ ക്യാപ്റ്റനെയും സഹപൈലറ്റിനെയും അന്വേഷണവിധേയമായി ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്.









0 comments