വിദ്യാർഥികളുടെ ഭാവി തുലാസിൽ, എൻടിഎ പിരിച്ചുവിടണം; ഡൽഹിയിൽ എസ്എഫ്ഐ പ്രതിഷേധം

ന്യൂഡൽഹി: രാജ്യത്തെ വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും ഭാവിക്ക് ബാധ്യതയാകുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ എൻടിഎ ആസ്ഥാനത്ത് എസ്എഫ്ഐ പ്രതിഷേധം. ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിലെ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തുമെന്ന ഏജൻസിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതിഷേധം കടുത്തത്. തിങ്കളാഴ്ച എൻടിഎ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് എസ്എഫ്ഐ ആഹ്വാനം ചെയ്തിരുന്നു.
ഈ വർഷം ജൂണിൽ നടന്ന പരീക്ഷയിലെ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളിലാണ് എൻടിഎ പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്. ചോദ്യപേപ്പറുകളിൽ വിവിധ തരത്തിലുള്ള പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനമെന്നാണ വിശദീകരണം. കേന്ദ്രത്തിന്റയും പരീക്ഷാ ഏജൻസിയുടേയും നിരുത്തരവാദിത്വ നിലപാടിലൂടെ വിദ്യാർഥികളുടെ ഭാവി തുലാസിലാക്കുന്ന നടപടിക്കതിരെയാണ് എസ്എഫ്ഐ രാജ്യവ്യാപക പ്രതിഷേധം നടത്തുന്നത്.
എൻടിഎ ആസ്ഥാനത്തേക്ക് എസ്എഫ്ഐ മാർച്ച് നടത്തി. യുജിസി നെറ്റ് പരീക്ഷാ ഫീസ് പൂർണമായും റീഫണ്ട് ചെയ്യുക, പരീക്ഷാ കേന്ദ്രം മാറ്റാനുള്ള അവസരമുണ്ടാകണം, പഠനത്തിന് കാലതാമസമുണ്ടാകരുത്, പിഎച്ച്ഡി പ്രവേശനങ്ങൾ, ഫെലോഷിപ്പുകൾ, മറ്റ് അക്കാദമിക് അവസരങ്ങൾ എന്നിവയ്ക്ക് പുനഃപരീക്ഷ കാലതാമസമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുക, പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള സ്വതന്ത്ര അന്വേഷണം വേണം, എൻടിഎയുടെ ആവർത്തിച്ചുള്ള പരീക്ഷാ ക്രമക്കേടുകളിലും പേപ്പർ ചോർച്ചകളിലും സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം നടത്തണം. എൻടിഎ പിരിച്ചുവിടണം എന്നിവയാണ് എസ്ഫഎഫ്ഐ പ്രതിഷേധത്തിലെ പ്രധാന ആവശ്യങ്ങൾ.









0 comments