ad
Deshabhimani

സതീശൻ സർക്കാരിന്റെ മദ്യനയം കർണാടക മദ്യ ലോബിക്ക് വേണ്ടി

V D Satheesan

വി ഡി സതീശന്‍

വെബ് ഡെസ്ക്

Published on Jun 20, 2026, 04:49 PM | 2 min read

തിരുവനന്തപുരം: കർണാടക മദ്യ ലോബിയുമായുള്ള സതീശൻ സർക്കാരിന്റെ ബന്ധം മറനീക്കി പുറത്ത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയതാണ് മദ്യ ലോബിയുമായുള്ള സതീശന്റെ ബന്ധത്തെ സാധൂകരിക്കുന്നത്. 251 ശതമാനം നികുതിയിൽ നിന്ന് പത്ത് ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ആയും 20 ശതമാനം വരെ വീര്യമുള്ളതിന് 175 ആയുമാണ് നികുതി കുറച്ചത്. ഇതിലൂടെ കേരളത്തിന് നഷ്ടം 600 കോടി രൂപയിലധികം വരും. ഈ തുക വേണ്ടെന്ന് വെച്ചത് മദ്യ ലോബിയുമായുള്ള സതീശന്റെ ഊഷ്മള ബന്ധത്തിലേയ്ക്ക് വിരൽചൂണ്ടുന്നു.


കഴിഞ്ഞ എൽഡിഎഫ് സർക്കാരിനോട് നികുതി ഇളവ് ചോദിച്ച് ഒരു കോർപ്പറേറ്റ് കമ്പനി എത്തിയതായി മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞിരുന്നു. നികുതി ഇളവ് അനുവദിച്ചാൽ കേരളത്തിൽ മദ്യം ഒഴുകുന്ന സ്ഥിതി വരുമെന്നും ഇതിലൂടെ സർക്കാരിന് വൻ നഷ്ടമുണ്ടാകുമെന്നും വ്യക്തമാക്കി കമ്പനിയുടെ ആവശ്യം നിരാകരിച്ചിരുന്നു. എന്നാൽ അധികാരത്തിൽ കയറി ഒരു മാസം പിന്നിടുമ്പോഴേയ്ക്കും നികുതി ഇളവിൽ സതീശൻ സർക്കാർ അനുമതി നൽകി. ഇതിന് പിന്നിലുള്ള കൊടുക്കൽ വാങ്ങലുക പുറത്ത് വിടണമെന്നും എത്ര രൂപ കിട്ടിയെന്നും വി ഡി സതീശൻ വെളിപ്പെടുത്തണമെന്നും എം ബി രാജേഷ് ആവശ്യപ്പെട്ടിരുന്നു.


കർഷകർക്കും കൈത്താങ്ങായി കൊണ്ട് പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം നിർമിക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനമെടുത്തിരുന്നു. ഇതിനെതിരെ പരസ്യമായി രം​ഗത്ത് വന്നവരാണ് ഇന്ന് കേരളത്തിൽ മദ്യം ഒഴുക്കുന്നതിനായി കൂട്ടുനിൽക്കുന്നത്. ആന്റണി സർക്കാർ പൂട്ടിയ ചിറ്റൂർ ഷുഗർ ഫാക്ടറി പുനരുജ്ജീവിപ്പിച്ച് ‘മിന്നൽ മാജിക്‌’ എന്ന പേരിൽ വിലകുറഞ്ഞ മദ്യം വിപണിയിലിറക്കാനാണ് ബിവറേജസ്‌ കോർപ്പറേഷൻ തീരുമാനിച്ചത്. ഈ തീരുമാനത്തെ പ്രതിപക്ഷമായിരിക്കെ കോൺ​ഗ്രസ് എതിർത്തു. അധികാരത്തിൽ കയറിയതിന് പിന്നാലെ മിന്നൽ മാജിക് നിർത്തിച്ചതും കർണാടക മദ്യ ലോബിക്ക് വേണ്ടിയായിരുന്നുവെന്ന് പകൽ പോലെ വ്യക്തമായി.


ജൂണിൽ മദ്യം വിപണിയിലെത്താനിരിക്കെയാണ്‌ താൽക്കാലിക തൊഴിലാളികളുടെ പട്ടികയിൽ പരാതിയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി മിന്നൽ മാജിക് ഉൽപ്പാദനം നിർത്തിയത്. വിലകുറഞ്ഞ മദ്യം വിപണിയിലെത്താതിരിക്കാൻ കർണാടക ലോബി യുഡിഎഫ്‌ സർക്കാരിൽ സമ്മർദം ചെലുത്തിയിരുന്നു. സർക്കാർ മദ്യം അരലിറ്ററിന്‌ 400 രൂപയാണ്‌ വില. ഇതേ നിലവാരമുള്ള കർണാടക മദ്യത്തിന്‌ 500 മുതൽ 600 രൂപവരെയാണ്‌ വില. കേരളത്തിന്‌ ആവശ്യമായി വരുന്ന മദ്യത്തിന്റെ 40 ശതമാനം കർണാടകയിൽനിന്നാണ്‌ എത്തിക്കുന്നത്‌.


കേരളത്തിലെ 23 വിദേശമദ്യ നിർമാണശാലകളിൽ നിന്നുള്ള ബ്രാന്റുകൾ ഉൾപ്പെടെ 600 ഇനങ്ങളാണ്‌ കേരള സ്‌റ്റേറ്റ്‌ ബിവറേജസ്‌ കോർപ്പറേഷൻ മുഖേന വിതരണം ചെയ്യുന്നത്‌. ഒരു വർഷം 19,000 കോടി രൂപയുടെ മദ്യമാണ്‌ കേരളത്തിൽ വിൽക്കുന്നത്‌. ഇതിൽ 7000 കോടിയോളം രൂപയുടെ മദ്യം എത്തുന്നത്‌ കർണാടകത്തിൽ നിന്നാണ്‌. ഇതിന്‌ പുറമെ ഏഴുമുതൽ പത്ത്‌ കോടി ലിറ്റർ സ്‌പിരിറ്റും കേരളത്തിൽ എത്തുന്നു. ഇതിലെ 60 ശതമാനവും കർണാടകത്തിൽ നിന്നാണ്‌. കർണാടകത്തിലെ മദ്യ– സ്‌പിരിറ്റ്‌ ലോബികൾ കോടികൾ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ കേരളത്തിലെ കോൺഗ്രസിന്‌ സംഭാവന നല്‍കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.



Related News




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home